കൽപ്പറ്റ: കൊവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് ഇന്നു മുതൽ ജില്ലയിൽ കർശന പരിശോധന തുടങ്ങുമെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

കൊവിഡ്-19 രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ലോക്ക് ഡൗണിന്റെ നാലാം ഘട്ടത്തിൽ വിവിധ ആവശ്യങ്ങൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കർശന നിർദ്ദേശങ്ങളോടെ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹ സൽക്കാരങ്ങളിൽ 50 ആളുകളിൽ കൂടുതലും മരണാന്തര ചടങ്ങുകളിൽ 20 ആളുകളിൽ കൂടുതലും പങ്കെടുക്കുവാൻ പാടില്ലെന്നും, ഇരുചക്ര, മുച്ചക്ര, നാല് ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യാവുന്ന ആളുകളുടെ പരമാവധി എണ്ണത്തെക്കുറിച്ചും വ്യക്തമായ നിർദ്ദേശം നൽകിയിട്ടും പൊതുജനങ്ങൾ ഈ നിർദ്ദേശങ്ങളും നിയമങ്ങളും അവഗണിക്കുന്നതായും ലംഘിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കൊ അറിയിച്ചു.

ഇന്നുമുതൽ ജില്ലയിൽ കർശന പരിശോധന തുടങ്ങും. നിർദ്ദേശം ലംഘിച്ച് വിവാഹ സൽക്കരങ്ങളിൽ 50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നതായോ, മരണാന്തര ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ നിയമനടപടി സ്വീകരിക്കും. വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ നിർദ്ദേശങ്ങൾ ലംഘിച്ച് അനുവദിച്ചതിൽ കൂടുതൽ ആളുകളുമായി യാത്ര ചെയ്താൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നതുപോലുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇന്നു മുതൽ ജില്ലയിൽ ശക്തമായ വാഹന പരിശോധന ആരംഭിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.