രോഗം സ്ഥിരീകരിച്ച 10 പേർ ചികിത്സയിൽ
ട്രക്ക് ഡ്രൈവർ ആശുപത്രി വിട്ടു
196 പേർ പുതുതായി നിരീക്ഷണത്തിൽ
144 പേർ നിരീക്ഷണം പൂർത്തിയാക്കി
കൽപ്പറ്റ: വയനാട്ടിൽ മൂന്ന് പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. പനമരം പഞ്ചായത്ത് പരിധിയിലെ പള്ളിക്കുന്ന് സ്വദേശികളായ 53, 25 വയസുകാരായ രണ്ട് പുരുഷന്മാരും 50 വയസ്സുള്ള സ്ത്രീക്കുമാണ് ബുധനാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാവരും ഒരേ വീട്ടിലെ അംഗങ്ങളാണ്.
മഹാരാഷ്ട്രയിൽ നിന്ന് കഴിഞ്ഞ 24 നാണ് ഇവർ മുത്തങ്ങയിലെ പരിശോധന കേന്ദ്രത്തിലെത്തിയത്. അന്ന് മുതൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ചികിൽസയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ട്രക്ക് ഡ്രൈവർ സാമ്പിൾ പരിശോധന നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടു. നിലവിൽ രോഗം സ്ഥിരീകരിച്ച 10 പേർ ഉൾപ്പെടെ 15 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിലുണ്ട്.
ബുധനാഴ്ച്ച 196 പേരാണ് പുതുതായി നിരീക്ഷണത്തിലായത്. നിലവിൽ 3807 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന 328 ആളുകൾ ഉൾപ്പെടെ 1634 പേർ കൊവിഡ് കെയർ സെന്ററുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 144 പേർ നിരീക്ഷണം പൂർത്തിയാക്കി.
ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 1650 ആളുകളുടെ സാമ്പിളുകളിൽ 1486 എണ്ണത്തിന്റെ ഫലം ലഭിച്ചു. 1462 എണ്ണം നെഗറ്റീവാണ്. 159 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്ന് ആകെ 1728 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 1429 ഉം നെഗറ്റീവാണ്.
ജില്ലയിലെ 10 അന്തർ സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകളിൽ 1673 വാഹനങ്ങളിലായി എത്തിയ 2725 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. ജില്ലാ മാനസികരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്നലെ നിരീക്ഷണത്തിൽ കഴിയുന്ന 400 പേർക്ക് കൗൺസലിംഗ് നൽകി. സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളിൽ കഴിയുന്ന 129 രോഗികൾക്ക് ആവശ്യമായ പരിചരണം നൽകി.
കണ്ടെയ്ൻമെന്റ് സോണിൽ നിന്നൊഴിവാക്കി
കൽപ്പറ്റ: മാനന്തവാടി നഗരസഭയിൽ മുഴുവൻ വാർഡുകളും എടവക ഗ്രാമ പഞ്ചായത്തിലെ 9,10 വാർഡുകളും പനമരം പഞ്ചായത്തിലെ 1 ,2 വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ നിന്നൊഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.