കൽപ്പറ്റ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ ഡോക്ടർമാരടക്കം 169 ജീവനക്കാരെ ആരോഗ്യകേരളം വയനാട് നിയമിച്ചു. മെഡിക്കൽ ഓഫിസർ 25, സ്റ്റാഫ് നഴ്സ് 39, ഫാർമസിസ്റ്റ് 28, ലാബ് ടെക്നീഷ്യൻ 16, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ 35, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് 13, ക്ലീനിങ് സ്റ്റാഫ് 10, ഡ്രൈവർ 3 എന്നിങ്ങനെയാണ് പുതിയ നിയമനങ്ങൾ.

ബന്ധപ്പെട്ട സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നതനുസരിച്ച് ഇനിയും പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മനേജർ ഡോ. ബി.അഭിലാഷ് അറിയിച്ചു. കൂടുതൽ ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ നേരിട്ട് കൂടിക്കാഴ്ച നടത്തി നിയമനങ്ങൾ സാധ്യമല്ലാത്തതിനാൽ അതാത് ആരോഗ്യകേന്ദ്രങ്ങൾ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം ജീവനക്കാരെ നിയമിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 169 നിയമനങ്ങൾക്കു പുറമെയാണിത്. ഇത്തരത്തിൽ 29 ആരോഗ്യകേന്ദ്രങ്ങളിലായി 76 സ്റ്റാഫ് നഴ്സ്, 50 നഴ്സിങ് അസിസ്റ്റന്റ്, 30 പാർട്ട് ടൈം സ്വീപ്പർ, 10 ഡ്രൈവർ, 50 ക്ലീനിങ് സ്റ്റാഫ് തസ്തികകളിൽ നിയമനം നടത്താനാണ് നിർദ്ദേശം നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ നിയമിക്കപ്പെടുന്നവർക്ക് ആരോഗ്യകേരളം ശമ്പളം നൽകും.
കൊവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിയിൽ നാലു മെഡിക്കൽ ഓഫിസർമാരടക്കം 19 ജീവനക്കാരെയാണ് അധികം നിയമിച്ചത്. ആറ് സ്റ്റാഫ് നഴ്സും നാലു ഫാർമസിസ്റ്റും രണ്ടു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സും ഇതിലുൾപ്പെടും. മൂന്നു ഡ്രൈവർമാരെയും നിയമിച്ചിട്ടുണ്ട്.

ജില്ലയിലെ കുരങ്ങുപനി ചികിത്സാ കേന്ദ്രമായ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ മൂന്നു മെഡിക്കൽ ഓഫിസർമാരടക്കം 19 ജീവനക്കാരെ അധികമായി നിയമിച്ചു. 11 സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ജെ.പി.എച്ച്.എൻ, രണ്ടു ക്ലീനിങ് ജീവനക്കാർ പുതുതായി ഇവിടെ ജോലിയിൽ പ്രവേശിച്ചു.

ജില്ലാ ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ താൽക്കാലികമായി പ്രവർത്തിക്കുന്ന കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 22 ജീവനക്കാരെയാണ് നിയമിച്ചത്. മെഡിക്കൽ ഓഫിസർ4, സ്റ്റാഫ് നഴ്സ്5, ഫാർമസിസ്റ്റ്4, ലാബ് ടെക്നീഷ്യൻ3, ജെ.എച്ച്.ഐ2, ജെ.പി.എച്ച്.എൻ2, ക്ലീനിങ് സ്റ്റാഫ്2 എന്നിങ്ങനെയാണ് സ്റ്റാഫ് പറ്റേൺ.

പൊരുന്നന്നൂർ, പനമരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും അപ്പപ്പാറ കുടുംബരോഗ്യകേന്ദ്രത്തിലും രണ്ടുവീതവും വൈത്തിരി താലൂക്ക് ആശുപത്രി, മീനങ്ങാടി, വെള്ളമുണ്ട സി.എച്ച്.സികൾ, മൂപ്പൈനാട്, ബേഗൂർ, കോട്ടത്തറ, ചീരാൽ, കാപ്പുകുന്ന് പി.എച്ച്.സികൾ എന്നിവിടങ്ങളിൽ ഒന്നു വീതവും മെഡിക്കൽ ഓഫിസർമാരെ നിയമിച്ചു.

വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ നിയമിച്ച ജീവനക്കാരുടെ എണ്ണം: മീനങ്ങാടി സി.എച്ച്.സി9, പൊരുന്നന്നൂർ സി.എച്ച്.സി9, വെള്ളമുണ്ട സി.എച്ച്.സി5, തരിയോട് സി.എച്ച്.സി2, മൂപ്പൈനാട് പി.എച്ച്.സി6, പനമരം സി.എച്ച്.സി9, തൊണ്ടർനാട് പി.എച്ച്.സി2, ബേഗൂർ പി.എച്ച്.സി9, കാപ്പുകുന്ന് പി.എച്ച്.സി3, കോട്ടത്തറ പി.എച്ച്.സി2, കുറുക്കന്മൂല പി.എച്ച്.സി2, ചുള്ളിയോട് പി.എച്ച്.സി3, പാക്കം പി.എച്ച്.സി1, വരദൂർ പി.എച്ച്.സി3, വൈത്തിരി താലൂക്ക് ആശുപത്രി4, നല്ലൂർനാട് സി.എച്ച്.സി1, മേപ്പാടി സി.എച്ച്.സി2, പേര്യ സി.എച്ച്.സി1, ചീരാൽ പി.എച്ച്.സി3, മുള്ളൻകൊല്ലി പി.എച്ച്.സി2, പുൽപ്പള്ളി സി.എച്ച്.സി3, ചെതലയം പി.എച്ച്.സി1, പൊഴുതന എഫ്.എച്ച്.സി1, അപ്പപ്പാറ എഫ്.എച്ച്.സി6, നൂൽപ്പുഴ എഫ്.എച്ച്.സി6, അമ്പലവയൽ സി.എച്ച്.സി7, വാഴവറ്റ പി.എച്ച്.സി1, വെങ്ങപ്പള്ളി എഫ്.എച്ച്.സി1.