കൽപ്പറ്റ: 'പ്രജകളുടെ യുദ്ധം കൊറോണ കാണാൻ പോകുന്നതേയുള്ളു' മാസ്‌കും സാനിറ്റൈസറുമായി അങ്കത്തിനിറങ്ങുന്ന പഴശ്ശി രാജയുടെ റോളിൽ മമ്മൂട്ടി ചുമരിൽ തെളിഞ്ഞു. പിന്നാലെ താമരശ്ശേരി ചുരത്തിൽ നിന്ന് മാസ്‌കുമായി 'ഇപ്പ ശര്യാക്കിത്തരാ' എന്ന് പറഞ്ഞ് കൊറോണയെ ഓടിക്കുന്ന കുതിരവട്ടം പപ്പു. കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള കാർട്ടൂൺ അക്കാഡമിയും ചേർന്ന് കൽപ്പറ്റയിൽ കൈനാട്ടി ജനറൽ ആശുപത്രിയുടെ മതിലിൽ ഒരുക്കിയ കാർട്ടൂണുകളാണ് ജാഗ്രതയുടെ ജീവസ്സുറ്റ ചിത്രങ്ങളായത്.

സംസ്ഥാന തലത്തിൽ വിവിധ ജില്ലകളിൽ ഒരുക്കുന്ന കാർട്ടൂൺ മതിലിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. ജില്ലയിലെ കാർട്ടൂൺ മതിൽ ഉത്ഘാടനം ചെയ്ത ജില്ലാ കളക്ടർ അദില അബ്ദുള്ള 'എസ് എം എസ് പാലിച്ചാൽ കെറോണയുടെ പൊടിപോലുമില്ല കണ്ടു പിടിക്കാൻ ' എന്ന തലവാചകത്തോടെ ഒരു വൈറസിനെ വരച്ചു.
കേരള കാർട്ടൂൺ അക്കാഡമി ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ, അനൂപ് രാധാകൃഷ്ണൻ, ഡാവിഞ്ചി സുരേഷ്, രതീഷ് രവി,സുഭാഷ്‌കല്ലൂർ, സജീവ് ശൂരനാട്, ഷാജി സീതത്തോട്, ഷാജി പാമ്പള, സനീഷ് ദിവാകരൻ എന്നിവരാണ് കാർട്ടൂണുകൾ വരച്ചത്. സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോഓഡിനേറ്റർ സിനോജ്.പി.ജോർജ് നേതൃത്വം നൽകി.