കോഴിക്കോട്: ഒറ്റ ദിവസത്തെ ഇടവേള പിന്നിട്ട് ജില്ലയിൽ രണ്ടു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 52 ആയി. 25 പേർ രോഗമുക്തരായിരിക്കെ 27 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരെ കൂടാതെ 2 മലപ്പുറം സ്വദേശികളും 2 കാസർകോട്ടുകാരും തൃശൂർ സ്വദേശികളായ രണ്ടു പേരും ഇവിടെ ചികിത്സയിലുണ്ട്.
കൊയിലാണ്ടി നടേരി സ്വദേശിയായ 53 -കാരനും മാവൂർ സ്വദേശിനിയായ 55 കാരിയ്ക്കുമാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും വിദേശത്ത് നിന്ന് എത്തിയവരാണ്.
നടേരി സ്വദേശി മേയ് 17 ന് വിമാനമാർഗം അബുദാബിയിൽ നിന്ന് എത്തിയ ശേഷം കൊയിലാണ്ടി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. മേയ് 25 ന് സ്രവപരിശോധന നടത്തിയതിൽ രോഗം സ്ഥിരീകരിക്കുകയാണുണ്ടായത്. ഇപ്പോൾ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണ്.
മേയ് 21 ന് കണ്ണൂർ വിമാനത്താവളം വഴിയെത്തിയ മാവൂർ സ്വദേശിനി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 25 ന് രോഗലക്ഷണം കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്രവപരിശോധന നടത്തുകയായിരുന്നു. ഇവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
ഇന്നലെ 260 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 4103 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 3851 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 3784 എണ്ണം നെഗറ്റീവാണ്. 252 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ഗുജറാത്തിൽ നിന്ന്
എത്തിയത് 458 പേർ
ലോക്ക് ഡൗണിനെ തുടർന്ന് ഗുജറാത്തിൽ കുടുങ്ങിയ വിവിധ ജില്ലക്കാരായ 458 മലയാളികൾ കോഴിക്കോട്ടെത്തി. രാജ്‌കോട്ടിൽ നിന്ന് പുറപ്പെട്ട രാജ്‌കോട്ട് തിരുവനന്തപുരം സ്‌പെഷൽ ട്രെയിനിലെ കേരളത്തിലെ ആദ്യ സ്‌റ്റോപ്പായിരുന്നു കോഴിക്കോട്.
വന്നെത്തിയവർ കോഴിക്കോട് ജില്ലക്കാർ 121 പേരാണ്. കണ്ണൂർ 114, കാസർകോട് 18, മലപ്പുറം 69, പാലക്കാട് 109, തൃശ്ശൂർ 18, വയനാട് 9 എന്നിങ്ങനെയാണ് മറ്റു ജില്ലക്കാരുടെ എണ്ണം.
വൈദ്യപരിരോധനയ്ക്ക് ശേഷം പാലക്കാട്, കണ്ണൂർ സ്വദേശികളായ രണ്ടു പേരെ അതത് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. അഞ്ചു പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയർ സെന്ററിലേക്കും അയച്ചു. മറ്റുള്ളവരെ കർശനനിരീക്ഷണത്തിനായി വീടുകളിലേക്ക് വിട്ടു.
ചികിത്സയിലുള്ളത് 27 പേർ
മെഡിക്കൽ കോളേജിൽ 14 പേർ
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ 8 പേർ
കണ്ണൂരിലുള്ളത് 5 പേർ
''പുതുതായി 648 പേർ ഉൾപ്പെടെ ജില്ലയിൽ 7566 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1372 പ്രവാസികളുൾപ്പെടും. 70 പേർ ആശുപത്രിയിലാണ്. 28,099 പേരാണ് ഇതിനകം നിരീക്ഷണം പൂർത്തിയാക്കിയത്.
ഡോ.വി.ജയശ്രീ,
ജില്ലാ മെഡിക്കൽ ഓഫീസർ