കോഴിക്കോട്: തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാദ്ധ്യതയുള്ളതിനാൽ കേരള തീരത്ത് അർദ്ധരാത്രി മുതൽ മത്സ്യബന്ധനത്തിന് പൂർണനിരോധനം ഏർപ്പെടുത്തി. മേയ് 31-ഓടെ അറബിക്കടലിൽ ലക്ഷദ്വീപിനും കേരളത്തിനുമിടയിലായി കേരള തീരത്ത് നിന്ന് അധികം അകലെയല്ലാതെ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാനും സാദ്ധ്യതയുണ്ട്. ന്യൂനമർദ്ദത്തിന്റെ സ്വാധീനം മൂലം ശക്തമായ മഴയും കാറ്റും രൂക്ഷമായ കടലാക്രമണവും ഉണ്ടായേക്കാം.
ദീർഘദൂര മത്സ്യബന്ധനത്തിന് പോയവർ ഇന്ന് രാത്രിയോടെ തന്നെ മടങ്ങിയെത്തുകയോ അടുത്തുള്ള സുരക്ഷിതതീരത്ത് അണയുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. മത്സ്യബന്ധനോപകരണങ്ങൾ കടലാക്രമണത്തിൽ നശിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം. ഒരാൾ പോലും മത്സ്യബന്ധനത്തിന് ഇറങ്ങരുത്. ഫിഷറീസ് വകുപ്പും തീരദേശ പൊലീസും ഇത് കർശനമായി നിരീക്ഷിക്കും.
ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മലയോര മേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ട്.