കോഴിക്കോട്: തരിശുനിലങ്ങളിൽ കൃഷിയിറക്കുന്ന 'സുഭിക്ഷ കേരളം' പദ്ധതി നടപ്പാക്കാൻ 43.6 കോടി രൂപയുടെ രൂപരേഖയുമായി ജില്ലാ ആസൂത്രണ സമിതി. തരിശുരഹിത ജില്ല ലക്ഷ്യം വെച്ചാണ് പദ്ധതി.
സമിതി ചെയർമാൻ ബാബു പറശ്ശേരിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ആസൂത്രണ സമിതി അംഗങ്ങളും സംബന്ധിച്ചു.
കൃഷി, ക്ഷീരവികസനം, മൃഗസംരക്ഷണം, ഫിഷറീസ്, സഹകരണം എന്നീ വകുപ്പുകളിലൂടെ പദ്ധതിയ്ക്ക് നൽകാവുന്ന സംഭാവനകൾ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അവതരിപ്പിച്ചു.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി പങ്കാളിത്തമാവുന്നതോടെ പദ്ധതി വിപുലീകരിക്കാനാവും.
നെൽകൃഷിയുടെ കൂലിയിനത്തിലുള്ള ചെലവ്, പച്ചക്കറി സ്വയംപര്യാപ്തത, സുഫലം, മുട്ടഗ്രാമം, പോത്തുകുട്ടി ഗ്രാമം, ക്ഷീരഗ്രാമം, കിടാരി ഗ്രാമം, ആട് ഗ്രാമം, കോഴി ഗ്രാമം, കാലിത്തീറ്റ സബ്‌സിഡി, തീറ്റപ്പുൽകൃഷി, ഓരുജല കൂട് മത്സ്യകൃഷി, ശുദ്ധജല കൂട് മത്സ്യകൃഷി, പടുതാകുളം മത്സ്യകൃഷി, തൊഴുത്ത് നിർമ്മാണം, അലങ്കാര മത്സ്യകൃഷി, മിൽക്ക് ഇൻസന്റീവ് തുടങ്ങി ഉത്പാദന മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കാൻ കഴിയുന്ന സമഗ്ര പദ്ധതിയാണ് നടപ്പാക്കുക.
പദ്ധതി ഫണ്ടിന് പുറമെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പയും കണ്ടെത്തും. അതുവഴി ജെ എൽ ജി ഗ്രൂപ്പുകൾ പദ്ധതി വിപുലീകരിക്കും. തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് ഡയറി ഫാം, മത്സ്യകൃഷി തുടങ്ങിയ തൊഴിൽസംരംഭക പരിപാടികളിലൂടെ കൂടുതൽ തൊഴിൽ നൽകാനും ഉത്പാദനം വർദ്ധിപ്പിക്കാനും ജില്ലാ ആസൂത്രണ സമിതി ലക്ഷ്യമിടുന്നു. തരിശായിക്കിടന്ന കൃഷിയിടങ്ങൾ കിഴങ്ങ്, കരനെൽ, പച്ചക്കറി കൃഷികളിലൂടെ സാമൂഹ്യ സംഘടനകളും പൊതുജനങ്ങളും മുൻകൈയെടുത്ത് പ്രയോജനപ്പെടുത്തി വരികയാണ്.
മേയ് 31 നകം വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്താനായി നിലവിലുള്ള പദ്ധതി പുനഃക്രമീകരിച്ച് ആസൂത്രണ സമിതിക്ക് സമർപ്പിക്കണമെന്ന് ജില്ലാകലക്ടർ സാംബശിവറാവു നിർദ്ദേശിച്ചു. യോഗത്തിൽ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ അനിൽ കുമാറും സംസാരിച്ചു.