sanitizer

കോഴിക്കോട്: കൈ നീട്ടുകയേ വേണ്ടൂ. ഓട്ടോമാറ്റിക് ഡിസ്‌പെൻസറിലൂടെ സാനിറ്റൈസർ കിട്ടുകയായി. വാട്ടർ അതോറിട്ടി ഓഫീസുകൾ വീണ്ടും തുറക്കുമ്പോൾ കൊവിഡ് പ്രതിരോധത്തിനായി ജീവനക്കാർക്ക് എങ്ങനെ സാനിറ്റൈസർ നൽകാം എന്ന റെജുവിന്റെ ചിന്തയാണ് ഓട്ടോമാറ്രിക് ഡിസ്‌പെൻസറുകൾക്ക് ജീവനേകിയത്. കൊടുവള്ളി സെക്ഷൻ ഓഫീസിലെ ഇലക്ടിക്കൽ വിഭാഗം ജീവനക്കാരനായ എസ്.കെ. റെജു നിർമ്മിച്ച ഈ സംവിധാനം ഇപ്പോൾ ജില്ലയിലെ വിവിധ ഓഫീസുകളിൽ ഘടിപ്പിച്ചു കഴിഞ്ഞു. ഓട്ടോമാറ്റിക് ഡിസ്‌പെൻസറിലൂടെ ജീവനക്കാർക്കും ഓഫീസിൽ വരുന്നവർക്കും ബോട്ടിലിൽ തൊടാതെ സാനിറ്രൈസർ ഉപയോഗിച്ച് കൈകൾ ശുചീകരിക്കാം.

ആവശ്യമനുസരിച്ച് കൂടുതൽ അളവിൽ സാനിറ്റൈസർ നിറയ്‌ക്കാവുന്ന മെഷീനുകൾ നിർമ്മിക്കാനും ഈ സാങ്കേതിക വിദ്യയിലൂടെ കഴിയും. സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, വിവിധ ഓഫീസുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ, വിമാനത്താവളം എന്നിവടങ്ങളിലെല്ലാേം ഇത് ഉപയോഗിക്കാം.

 പ്രവർത്തനം ഇങ്ങനെ

അൾട്രാസോണിക് സെൻസറിലൂടെ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ഡിസ്‌പെൻസർ തുറക്കുന്നിടത്ത് കൈ കാണിച്ചാൽ സാനിറ്റൈസർ ലഭിക്കു. നാല് മുതൽ 15 സെ.മി ദൂരം വരെയുള്ള റിഫ്ലക്ഷൻ റീഡ് ചെയ്യാൻ ഇതിനാകും. ഓരോ തവണയും രണ്ട് മില്ലി ലിറ്റർ സനിറ്റൈസാറാണ് നൽകുന്നത്. 400 മില്ലി ലിറ്റാണ് ഡിസ്‌പെൻസറിന്റെ സംഭരണ ശേഷി. ഇത് 200 തവണ ഉപയോഗിക്കാം. അതിന് ശേഷം വീണ്ടും സാനിറ്രൈസർ നിറയ്‌ക്കണം. എലത്തൂർ സ്വദേശിയായ റെജു ജില്ലയിലെ വിവിധ വാട്ടർ അതോറിട്ടി ഓഫീസുകളിലായി പത്ത് സാനിറ്റൈസർ ഡിസ്‌പെൻസറുകൾ സ്ഥാപിച്ചു.

കൊടുവള്ളി സെക്‌ഷൻ ഓഫീസിൽ സ്ഥാപിച്ച സംവിധാനം വിജയിപ്പതോടെയാണ് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ചത്. പബ്ലിക് ഹെൽത്ത് ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർ ജമാൽ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ നന്ദകുമാർ, അസിസ്റ്റന്റ് എൻജിനിയർ സത്യൻ എന്നിവരുടെ നിർദ്ദേശ പ്രകാരം മലാപ്പറമ്പ് വാട്ടർ അതോറിട്ടി ഓഫീസ്, മലാപ്പറമ്പ് ചീഫ് എൻജിനിയേഴ്‌സ്, സരോവരത്തെയും അത്താണിക്കലിലേയും ഓഫീസുകൾ എന്നിവടങ്ങളിലാണ് മെഷീൻ സ്ഥാപിച്ചത്.

'സംഭവം വിജയിച്ചതോടെ നിരവധി ഓഫീസുകളിൽ നിന്ന് സാനിറ്റൈസർ ഡിസ്‌പെൻസറിനായി വിളിക്കുന്നുണ്ട്. പക്ഷേ ഇത് നിർമ്മിക്കാനാവശ്യമായ സാധനങ്ങളുടെ ലഭ്യതക്കുറവുണ്ട്. മുംബയിൽ നിന്നും മറ്രുമാണ് ഇവ എത്തുന്നത്".

- എസ്.കെ. റെജു