കോഴിക്കോട്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഐ ടി കമ്പനികൾ വർക്ക് ഫ്രം ഹോം രീതി തുടരുന്നതിനു പുറമെ പഠനം ഓൺലൈനിലേക്ക് മാറുക കൂടി ചെയ്തതോടെ ഡിജിറ്റൽ വിപണിയിൽ പുത്തനുണർവ്. ലാപ് ടോപ്പിനും ടാബ്‌ലറ്റിനും പൊതുവെ നല്ല ഡിമാൻഡാണിപ്പോൾ. റീട്ടെയിൽ സ്റ്റോറുകളിലെന്ന പോലെ ഓൺ ലൈൻ വിപണിയിലും ആവശ്യക്കാർ ഗണ്യമായി കൂടിയിട്ടുണ്ട്.

ലോക്ക് ഡൗൺ അവസാനിച്ചാലും കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഓൺലൈൻ പഠനത്തിനായിരിക്കും ഊന്നൽ. ലാപ് ടോപ്പിനും ടാബ്‌ലറ്റിനും പുറമെ, മെച്ചപ്പെട്ട ഫീച്ചറുകളുള്ള സ്‌മാർട്ട് ഫോണിനും വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നു ഡിമാൻഡുണ്ട്.

ഐ ടി സ്ഥാപനങ്ങളിലുള്ളവർക്ക് വീട്ടിലിരുന്നുള്ള ജോലി രണ്ടു മൂന്നു മാസമെങ്കിലും തുടരേണ്ടി വരുമെന്നാണ് സൂചന. ഇവർക്ക് കൂടുതൽ സ്‌പീഡുള്ള ലൈൻ വേണമെന്നിരിക്കെ വിവിധ ടെലികോം കമ്പനികളുടെ ബ്രോഡ് ബാൻഡ് കണക്ഷന് അപേക്ഷകർ കൂടിവരികയാണ്. അതോടെ മോഡം വിപണിയും ഉണർന്നു. ബി.എസ്.എൻ.എല്ലിന്റെയും മറ്റും എഫ്.ടി.ടി.പി കണക്‌ഷനുൾപ്പെടെ ഡിമാൻഡ് വർദ്ധിച്ചിട്ടുണ്ട്.

ഡിജിറ്റൽ വിപണിയിലെ ഉണർവ് പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ചെറുതും വലുതുമായുള്ള കടകൾ. മിക്ക വ്യാപാരികളും വായ്പാസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബഡ്‌ജറ്റ് നിരയിലുള്ള ഉത്പന്നങ്ങൾകാണ് ഉപഭോക്താക്കൾ കൂടുതലെന്ന് വ്യാപാരികൾ പറയുന്നു.

സെക്കൻഡ് ഹാൻഡ് വിപണിയിലും ലാപ് ടോപ്പിനും ടാബ്‌ലറ്റിനുമെല്ലാം നിരവധി പേർ അന്വേഷിച്ചെത്തുന്നുണ്ട്. ലോക്ക് ഡൗൺ ഇളവ് വന്നകോതെ സർവീസ് സെന്ററുകളിലും നല്ല തിരക്കാണ്. ഓൺലൈൻ പഠനത്തിനിടെ കേടായ ലാപ് ടോപ്പും ടാബ്‌ലറ്റും മറ്റും സർവീസ് ചെയ്യാൻ കൊണ്ടുവരുന്നവരുടെ എണ്ണം വല്ലാതെ കൂടി. സ്പെയർ പാർട്ടുകൾ ആവശ്യത്തിന് ലഭ്യമല്ലാത്തത് തിരിച്ചടിയാകുന്നുണ്ട്. പലർക്കും പറഞ്ഞ സമയത്ത് സർവീസ് ചെയ്തു കൊടുക്കാനാവാത്ത അവസ്ഥയാണ്.

സ്കൂൾ വിപണി

മരവിപ്പിൽ

ഓൺലൈൻ ക്ലാസുകൾ ഡിജിറ്റൽ വിപണിയ്ക്ക് നേട്ടമാകുമ്പോൾ സാധാരണ സ്കൂൾ വിപണി വൻ പ്രതിസന്ധിയിലാണ്. കുട, ബാഗ്... തുടങ്ങിയവയ്ക്കൊന്നും അങ്ങനെ ആവശ്യക്കാരേയില്ല. സ്കൂളുകൾ എന്നു തുറക്കാനാവുമെന്ന കാര്യത്തിലെ അനിശ്ചിതത്വം തന്നെ കാരണം.

രണ്ടു മാസത്തോളം നീണ്ട നിശ്ചലാവസ്ഥ വരുത്തിവെച്ച സാമ്പത്തിക ബുദ്ധിമുട്ട് നല്ലൊരു പങ്ക് രക്ഷിതാക്കളെയും അലട്ടുന്നുണ്ട്. കഴിയുന്നതും പഴയ ബാഗും കുടയുമൊക്കെയായി ഒപ്പിക്കേണ്ടി വരുമെന്ന് മക്കളെ ഓർമ്മിപ്പിക്കുകയാണ് ഇവർ.