കൽപ്പറ്റ: എം.എസ് സ്വാമിനാഥൻ ഗവേഷണ നിലയം ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കി. കാൽ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സാനിറ്റൈസർ യന്ത്രം, കൈകൾ ശുചിയാക്കാനുള്ള സാനിറ്റൈസർ, സോപ്പ്, സോപ്പ് ലായനി എന്നിവയ്ക്ക് പുറമെ മാസ്‌കുകളും ഗവേഷണ നിലയം ഉണ്ടാക്കി വിതരണം ചെയ്യുന്നുണ്ട്. വിവിധ പ്രചാരണ പരിപാടികൾ ഉൾപ്പെടെ ഒരു വർഷം നീണ്ട് നിൽക്കുന്ന വിവിധ പരിപാടികളാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഗവേഷണ നിലയം വിഭാവനം ചെയ്യുന്നതെന്ന് ഡയറക്ടർ ഡോ. വി ഷക്കീല പറഞ്ഞു.

കാൽ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സാനിറ്റൈസർ യന്ത്രം കൊണ്ട് പൊതുസ്ഥലത്തുള്ള സാനിറ്റൈസർ കുപ്പികൾ പലർ ഉപയോഗിക്കുന്നതിനാൽ ഉണ്ടായേക്കാവുന്ന രോഗ പകർച്ചയെ നിയന്ത്രിക്കാൻ സാധിക്കും. വൈദ്യുതി ആവശ്യമില്ല. ജില്ലയിലെ സ്‌കൂളുകളിലും സിവിൽ സ്റ്റേഷനിലും ആദിവാസി കോളനിയിലും യന്ത്രം സ്ഥാപിച്ചകട്ടുണ്ട്.
സാനിറ്റൈസർ നിർമ്മാണത്തിന് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ ആണ് പിന്തുടർന്നത്. മാസ്ക് നിർമ്മാണത്തിനായി പരിശീലനം നൽകിയ സ്ത്രീകളുടെ യൂണിറ്റുകളെ ഉപയോഗപ്പെടുത്തി.

സന്ദേശ ബോർഡുകൾ, വീഡിയോകൾ, ശബ്ദശകലങ്ങൾ എന്നിവയിലൂടെ കോവിഡ് പ്രതിരോധ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്.