കുറ്റ്യാടി: വേളം വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി മാറ്റാൻ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി മന്ത്രിസഭ യോഗം 44 ലക്ഷം രൂപ അനുവദിച്ചു. റവന്യൂ മന്ത്രിയുടെ ആവശ്യം പരിഗണിച്ച് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഭരണാനുമതിയ്ക്കു പിറകെ സാങ്കേതിക അനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടി പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കും.
മുപ്പത്തഞ്ചായിരത്തിലേറെ ജനസംഖ്യയുള്ള വേളത്ത് വില്ലേജ് ഓഫീസിന്റെ സ്ഥലപരിമിതി ഏറെക്കാലമായി അലട്ടുന്ന പ്രശ്നമാണ്. ജനകീയ കൂട്ടായ്മയിലൂടെ പുതിയ കെട്ടിടം പണിയാനുള്ള ശ്രമം തുടങ്ങിയെങ്കിലും ഫലിച്ചില്ല. തുടർന്ന് സി പി ഐ വേളം ലോക്കൽ കമ്മിറ്റി റവന്യൂ മന്ത്രിയ്ക്ക് സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചത്.