കോഴിക്കോട്: ജില്ലയിൽ ഇന്നലെ ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 58 ആയി. രണ്ട് പേർ വിദേശത്ത് നിന്നും മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് പകർന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
മത്സ്യമൊത്ത വ്യാപാരിയായും തൂണേരി സ്വദേശിയുമായ മുപ്പതുകാരനാണ് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് മരിച്ച കണ്ണൂർ സ്വദേശി അസിയയുടെ ബന്ധുക്കളുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ഇയാൾ തലശ്ശേരി മാർക്കറ്റിൽ നിന്നാണ് മത്സ്യം എടുത്തിരുന്നത്. ഇവിടെ നിന്ന് രോഗം പകർന്നെന്നാണ് കരുതുന്നത്. ഇയാളെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.
ഫറോക്ക് മുനിസിപ്പാലിറ്റി സ്വദേശിയായ യുവാവ് മേയ് 19നാണ് റിയാദ് നിന്ന് കരിപ്പൂരിലെത്തിയത്. തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ വാഹനത്തിൽ താമരശ്ശേരി കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേയ്‌ക്ക് മാറ്റി. അഴിയൂർ സ്വദേശിയായ യുവാവ് ചെന്നൈയിൽ നിന്ന് 15 നാണ് കോഴിക്കോട്ടെത്തിയത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇയാള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.
കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ യുവാവ് ചെന്നൈയിൽ നിന്ന് മേയ് 14നാണ് കൊയിലാണ്ടിയിലെത്തിയത്. തുടർന്ന് കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ച ഇയാളെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.
വളയം സ്വദേശിയായ യുവാവ് ഗുജറാത്തിൽ നിന്ന് 24നാണ് തലശ്ശേരിയിലെത്തിയത്. അവിടെ നിന്ന് ആംബുലൻസിലാണ് വളയം കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിനെത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.യ്യോളി അങ്ങാടി, തുറയൂർ സ്വദേശിയായ നാൽപ്പത്തേഴുകാരൻ ബഹ്‌റൈനിൽ നിന്ന് 27നാണ് കരിപ്പൂരിലെത്തിയത്. തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തി നിരീക്ഷണത്തിലായിരുന്നു.
കണക്കുകൾ ഇങ്ങനെ
ഇതുവരെ രോഗം സ്ഥിരീകരിച്ചത്- 58
രോഗ മുക്തരായവർ- 25
ചികിത്സയിലുള്ളവർ- 33
കോഴിക്കോട് മെഡിക്കൽ കോളേജിലുള്ളത്- 15
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലുള്ളത്-13
കണ്ണൂരിൽ ചികിത്സയിലുള്ളത്- 5