പേരാമ്പ്ര: കോട്ടൂർ, ചെങ്ങോടുമല ഖനന വിരുദ്ധ ആക്ഷൻ കൗൺസിലിന്റെ നാലാം വാർഡ് കൺവീനറായ അരീക്കര ദിലീഷിനെ വീടു കയറി മർദ്ദിച്ചെന്ന് പരാതി. ബുധനാഴ്ച രാത്രി 8.30നായിരുന്നു സംഭവം. അയൽവാസിയായ പുവ്വത്തും ചോലയിൽ അരുണിന്റെ വീട്ടിലിരിക്കുമ്പോഴാണ് ദിലീഷിന് മർദ്ദനമേറ്റത്. തടയാൻ ശ്രമിച്ച അരുണിനും മർദ്ദനമേറ്റു. ഇരുവരും പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
ചെങ്ങോടുമല സമരവുമായി ബന്ധപ്പെടിറങ്ങിയ നോട്ടീസിന് പിന്നിൽ ദിലീഷാണെന്ന് ആരോപിച്ചാണ് അക്രമി സംഘം മർദ്ദിച്ചത്. എന്നാൽ നോട്ടീസുമായി യാതൊരു ബന്ധവുമില്ലെന്നാണ് ദിലീഷ് പറഞ്ഞു. അക്രമത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ ആണെന്ന് സമരസമിതി ആരോപിച്ചു.
പരിക്കേറ്റ ദിലീഷിനെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ വീട്ടിൽ സന്ദർശിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.വി. സുധീർ, മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് പുത്തഞ്ചേരി, വൈസ് പ്രസിഡന്റ് ടി. സദാനന്ദൻ, ജയപ്രകാശ് കായണ്ണ, മിഥുൻ മോഹനൻ, ജുബിൻ ബാലകൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.