പുൽപ്പള്ളി: ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും വിരമിക്കുന്ന അദ്ധ്യാപകൻ പഠനത്തിൽ മികവ് പുലർത്തുന്ന നിർധന വിദ്യാർത്ഥികൾക്ക് സാമ്പത്തി സഹായം നൽകുന്നു. ഈ മാസം 31 ന് വിരമിക്കുന്ന മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ലിയോ മാത്യുവാണ് പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠന സഹായത്തിനായി സന്നദ്ധത അറിയിച്ചത്.
റിട്ടയർമെന്റുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഈ തീരുമാനം.
അടുത്ത അദ്ധ്യയന വർഷത്തിൽ സ്‌കൂളിലെ പഠിക്കാൻ മിടുക്കരായ വിദ്യാർത്ഥികൾക്കാണ് സഹായം നൽകുക. 13 വർഷത്തെ അദ്ധ്യാപന ജീവിതത്തിനും 16 വർഷത്തെ പ്രിൻസിപ്പൽ പദവിയിലെ സേവനത്തിനുശേഷവുമാണ് ലിയോ മാത്യു വിരമിക്കുന്നത്. നിലവിൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്. വയനാട് പ്രിൻസിപ്പൽ ഫോറം സ്ഥാപക പ്രിൻസിപ്പൽ കൂടിയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിനെ വിജയശതമാനത്തിൽ മുൻ നിരയിലെത്തിക്കുന്നതിനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
നിർധന വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിനുള്ള സഹായത്തിനായി രൂപീകരിച്ച സെന്റ് മേരീസ് ചാരിറ്റി ഫണ്ടിലേക്കും ഇദ്ദേഹം സംഭാവന നൽകുന്നുണ്ട്.