news

കൊയിലാണ്ടി: നാടകത്തിൽ അവസരങ്ങൾ കിട്ടാതെ പോയ നടനായിരുന്നു ഇന്നലെ വിധിയുടെ തിരശീലയിലേക്ക് മറഞ്ഞ ബാലൻ നെടുങ്ങാട്. ഏത് വേഷവും മനോഹരമായി വേദിയിലെത്തിക്കാൻ ബാലന് അനായാസം കഴിഞ്ഞിരുന്നു. അപ്‌സര തിയേറ്റേഴ്‌സ്, പി.വി.കെ.എം തുടങ്ങിയ കലാസമിതിയിലെ സ്ഥിരം നടനായിരുന്നു. കെ.ശിവരാമൻ എഴുതി സംവിധാനം ചെയ്‌തെ പെരുങ്കള്ളൻ എന്ന നാടകത്തിൽ ചെറിയ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
1980കളിൽ നാടക മത്സരങ്ങളിൽ സജീവമായിരുന്ന ബാലൻ, നാടകത്തിലെ പുതിയ പരീക്ഷണങ്ങെളെ പോലും ഉൾക്കൊണ്ടു. സമ്പന്നമായ കഴിവുണ്ടായിരുന്നിട്ടും വലിയ നാടക ട്രൂപ്പുകളിലൊന്നും അവസരം ലഭിച്ചില്ല. ഒടുവിൽ താഴ അങ്ങാടിയിൽ ഉപജീവനത്തിനായി നൂറ് കച്ചവടം നടത്തുകയായിരുന്നു. സായാഹ്നങ്ങളിൽ നാടകക്കാർ അവിടെ പതിവായി ഒത്തുചേർന്നിരുന്നു. നാടക സംഘടനയായ നാടക് പ്രവർത്തനത്തിലും ബാലനുണ്ടായിരുന്നു. ഒടുവിൽ നാടകത്തിൽ നിന്ന് ഒന്നും നേടാതെ ആ കലാകാരൻ നിത്യതയിലേക്ക് മറയുകയാണ്.