കോഴിക്കോട്: സ്വകാര്യ ബസ് സർവീസുകൾ ആരംഭിച്ചിട്ടും നിരത്തിലിറങ്ങുന്നവയുടെ എണ്ണക്കുറവ് യാത്രക്കാരെ വലയ്ക്കുന്നു. അത്യാവശ്യ കാര്യങ്ങൾക്കായി പോകുന്നവർക്കുപോലും ബസ് കിട്ടാത്ത അവസ്ഥ. ഓടുന്ന ബസുകളിലാവട്ടെ നിരവധി യാത്രക്കാരും. കുറ്റ്യാടി, പേരാമ്പ്ര, വടകര, കൊയിലാണ്ടി, ബാലുശ്ശേരി, മുക്കം തുടങ്ങിയ റൂട്ടുകളിൽ ഒറ്റപ്പെട്ട സർവീസുകൾ മാത്രം. സിറ്റി ബസുകൾ ഓടാത്തത് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന നഗരവാസികളെ പ്രതിസന്ധിയിലാക്കി.

@നഷ്ടം മാത്രം മിച്ചം

സർവീസ് നടത്തുന്ന ബസുകൾ വലിയ നഷ്ടത്തിലാണ് ഓടി കൊണ്ടിരിക്കുന്നത്. അധിക ദിവസം നഷ്ടം സഹിച്ച് സർവീസ് നടത്താനാവില്ലെന്നാണ് ബസുടമകൾ പറയുന്നത്.
പല ബസുകളുടെയും അറ്റകുറ്റപ്പണി പൂർത്തിയായിട്ടില്ല. ലോക്ക്‌ ഡൗൺ വന്നതോടെ മിക്ക സ്വകാര്യ ബസുകളും സുരക്ഷിത സ്ഥലങ്ങളിൽ എത്തിക്കാൻ സാധിച്ചിരുന്നില്ല. ദിവസങ്ങളോളം നിർത്തിയിട്ടതിനാൽ ഒട്ടുമിക്ക ബസുകളുടെയും ബാറ്ററികൾ തകരാറിലായിട്ടുണ്ട്. കടുത്ത വെയിലേറ്റ് നിരവധി ബസുകളുടെ ടയറുകൾ കേടായെന്നും ഉടമകൾ പറയുന്നു.

# കളക്ഷൻ(ദിവസം) മുമ്പ്

8,000- 10,000 രൂപ വരെ

#കളക്ഷൻ ഇപ്പോൾ

3000- 4000 രൂപ

#സംസ്ഥാനത്താകെ സർവീസ് നടത്തുന്നത് 12, 000 സ്വകാര്യ ബസുകൾ

#ലോക്ക് ഡൗൺ സൃഷ്ടിച്ചത് പ്രതിദിനം 10 കോടിയുടെ നഷ്ടം

# നഗരത്തിലോടുന്നവയിൽ അധികവും 38 സീറ്റുകളുള്ള ബസുകൾ
# 20 പേർക്ക് നിന്ന് യാത്ര ചെയ്യാം

# നിലവിൽ യാത്ര ചെയ്യാൻ കഴിയുക 19 പേർക്ക് മാത്രം.

"മിനിമം ചാർജ് വർദ്ധിപ്പിച്ചെങ്കിലും മൂന്നിലൊന്നായി യാത്രക്കാർ ചുരുങ്ങിയതോടെ റൂട്ടുകൾ ലാഭകരമല്ല. ഇതിനിടെ ഡീസൽ വിലയും വർദ്ധിച്ചു". - ഹംസ, ബസ് ഉടമ