കോഴിക്കോട്: ധിഷണാശാലിയായ രാഷ്ട്രീയ നേതാവും എഴുത്തുകാരനും ചിന്തകനും മികച്ച പാർലമെന്റേറിയനുമായ എം.പി വീരേന്ദ്രകുമാറിന്റെ വേർപാട് മതനിരപേക്ഷ-ജനാധിപത്യ സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് ആർ.എം.പി.ഐ സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. ഫാസിസത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ശക്തമായ നിലപാടാണ് എഴുത്തിലും മാദ്ധ്യമ രംഗത്തും അദ്ദേഹം സ്വീകരിച്ചത്. തികഞ്ഞ മനുഷ്യസ്നേഹിയും സോഷ്യലിസ്റ്റുമായ അദ്ദേഹം ടി.പി. ചന്ദ്രശേഖരൻ വധത്തിനെതിരെ ഒരു തീ പന്തമായാണ് ആഞ്ഞടിച്ചത്. വീരേന്ദ്രകുമാറിന്റെ വേർപാടിലൂടെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും ജനാധിപത്യ സമൂഹത്തിനും കുടുംബത്തിനും വന്നു ചേർന്ന ദുഃഖത്തിൽ പങ്കുചേരുന്നതായി ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു സന്ദേശത്തിൽ അറിയിച്ചു.