തീരാനഷ്ടം: സി.പി.എം
എം പി വീരേന്ദ്രകുമാറിന്റെ വിയോഗം നാടിന് തീരാനഷ്ടമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അനുശോചിച്ചു. ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിൽ അടിയുറച്ച് പൊരുതിയ വീരേന്ദ്രകുമാർ വർഗ്ഗീയ–ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾക്കെതിരെയും എക്കാലത്തും ശക്തമായ നിലപാട് സ്വീകരിച്ചു. പരിസ്ഥിതി വിഷയങ്ങളിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കൽ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാക്കി.വയനാട്ടിലെ കാപ്പി കർഷകരുടെ ശക്തമായ ശബ്ദമായിരുന്നു വീരേന്ദ്രകുമാറെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഐ.സി.ബാലകൃഷ്ണൻ
സത്യസന്ധനായ രാഷ്ട്രീയനേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് ഡി സി സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. രാജ്യത്തിന്റെയും, സംസ്ഥാനത്തിന്റെയും, ജില്ലയുടെയും പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ച നേതാവായിരുന്നു അദ്ദേഹം. വയനാടിന്റെ രൂപീകരണ കാലം മുതൽ തന്നെ ജില്ലയുടെ പുരോഗതിക്ക് അടിത്തറയിട്ട നേതാവായിരുന്നു അദ്ദേഹം. മതേതര, ജനാധിപത്യമൂല്യങ്ങൾക്ക് എന്നും അദ്ദേഹം വില കൽപ്പിച്ചു.
നാടിന് വേണ്ടി സമർപ്പിച്ച പൊതുജീവിതം: എൻ.ഡി അപ്പച്ചൻ
നാടിന്റെ പരിസ്ഥിതിയും, മണ്ണും നിലനിർത്തിയാൽ മാത്രമെ ജീവിതമുള്ളുവെന്ന് വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു വീരേന്ദ്രകുമാർ. നീണ്ടകാലത്തെ രാഷ്ട്രീയ പൊതുജീവിതം രാജ്യത്തിനും സംസ്ഥാനത്തിനും സ്വന്തം നാടിനും വേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നു. ഉന്നതമായ സാംസ്‌ക്കാരിക മൂല്യം ഉയർത്തിപിടിച്ചുകൊണ്ട് രാജ്യത്തിന്റെ ജനാധിപത്യ, മതേതരത്വ സംരക്ഷണത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച ഒരു സോഷ്യലിസ്റ്റ് നേതാവായിരുന്നു വീരേന്ദ്രകുമാർ.
രാഷ്ട്രീയത്തിലെ ഗ്രാമീണ വിശുദ്ധി: സി.പി.ഐ
വീരേന്ദ്രകുമാർ ദേശീയ രാഷ്ട്രീയത്തിലെ ഗ്രാമീണ വിശുദ്ധിയാണെന്ന് സി പി ഐ ജില്ലാ കൗൺസിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. നവ വയനാടിന്റെ സൃഷ്ടിയിൽ എം പി വീരേന്ദ്രകുമാർ നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. പാർലമെന്റിൽ അദ്ധേഹത്തിന്റെ സാന്നിധ്യം അനിവാര്യമായ കാലഘട്ടത്തിലാണ് എം പി വീരേന്ദ്രകുമാറിന്റെ നിര്യാണം.
സ്വതന്ത്ര കർഷക സംഘം
കർഷകരുടെ അവകാശങ്ങൾക്കും ആവശ്യങ്ങൾക്കും നാവും തൂലികയും ചലിപ്പിച്ച നേതാവായിരുന്നു എം.പി.വീരേന്ദ്രകുമാറെന്ന് സ്വതന്ത്ര കർഷക സംഘം വയനാട് ജില്ലാ പ്രസിഡന്റ് വി.അസൈനാർ ഹാജിയും ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസും അനുശോചന സന്ദേശത്തിൽ പറഞ്ഞു. കാപ്പി സെൻട്രൽ എക്‌സൈസിന്റെ നിയന്ത്രണത്തിലുള്ള കാലത്ത് കാപ്പി കർഷകരുടെ ദുരിതത്തിനെതിരെയും കൃഷിക്കാരോടുള്ള കോഫീ ബോർഡിന്റെ അവഗണനക്കും ചൂഷണത്തിനെതിരെയും വീരേന്ദ്രകുമാർ നയിച്ച സമരങ്ങൾ കാപ്പി കർഷകർക്ക് മറക്കാനാവില്ല.
എം.പി.വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ വൈത്തിരി താലൂക്ക് എൻ.എസ്.എസ്. യൂണിയൻ അനുശോചനം രേഖപെടുത്തി. പ്രസിഡന്റ് എ.പി.നാരായണൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.കെ.സുധാകരൻ, പി.പി.വാസുദേവൻ, ടി.എ. മുരളിധരൻ, ഇ.പ്രഭാകരൻ നായർ. പി.പി.രാമകൃഷ്ണൻ.എൻ. ടി.പത്മനാഭൻ എന്നിവർ സംസാരിച്ചു.
എല്ലാ മേഖലയിലും കഴിവ് തെളിയിച്ചു: ബി ജെ. പി
കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക ബൗദ്ധിക മണ്ഡലങ്ങളുടെ മുൻനിരയിൽ തിളങ്ങി നിന്ന വ്യക്തിത്വം ആണ് എം. പി. വീരേന്ദ്രകുമാർ എന്ന് ബി. ജെ.പി ജില്ലാ കമ്മിറ്റി അനുശോചിച്ചു. അതിന് പുറമെ പ്രഭാഷകൻ എന്ന നിലയിലും, എഴുത്തുകാരൻ എന്ന നിലയിലും പത്രപ്രവർത്തകൻ എന്നനിലയിലും ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ച വീരേന്ദ്രകുമാറിന്റെ നിര്യാണത്തോടെ മികച്ച കർഷകനെ കൂടിയാണ് നഷ്ടപെട്ടത്. ജില്ലാ പ്രസിഡന്റ് സജിശങ്കർ അദ്ധ്യക്ഷത വഹിച്ചു. കെ മോഹൻദാസ്, പ്രശാന്ത്മലവയൽ എന്നിവർ സംസാരിച്ചു
കാർഷിക പുരോഗമന സമിതി
വയനാടിന്റെ കർഷക പുത്രനെയാണ് നഷ്ടപ്പെട്ടത്. ജില്ലയുടെ കാർഷിക മേഖലയ്ക്ക് സമഗ്ര സംഭാവന നൽകിയ വ്യക്തിത്വമാണ് വീരേന്ദ്രകുമാർ. യോഗത്തിൽ ഡോ പി ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ പി .എം.ജോയി, വി പി വർക്കി, ഗഫൂർ വെണ്ണിയോട്,വി എം വർഗ്ഗീസ്,കണ്ണിവെട്ടം കേശവൻ ചെട്ടി, അഡ്വ. പി വേണുഗോപാൽ, വൽസ ചാക്കോ, പ്രൊഫ താരാ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.
ജെസിഐ
ആധുനിക വയനാടിന്റെ വികസന നായകനും, ജില്ലാ സിരാകേന്ദ്രമായ കൽപ്പറ്റയെ പടുത്തുയർത്തുന്നതിലും മുഖ്യ പങ്കുവഹിച്ച അദേഹത്തിന്റെ നിര്യാണം വയനാട് ജില്ലക്ക് കനത്ത നഷ്ടമാണെന്ന് ജെസിഐ പ്രസിഡന്റ് സുരേഷ് കെ പറഞ്ഞു.യോഗത്തിൽ വിനീത് വയനാട്, ഷംസുദ്ധീൻ പി ഇ, ഷമീർ പാറമ്മൽ, ഷാജി പോൾ, ഡോ ഷാനവാസ് പള്ളിയാൽ,ശ്രീജിത്ത് ടി എൻ, അനൂപ് കെ,ജിഷാദ് പി, റെനിൽ മാത്യൂസ്,മനൂപ് വി എം, രഞ്ജിത് കെ, രാധാകൃഷ്ണൻ കെ എന്നിവർ സംസാരിച്ചു.
സാധാരണക്കാരുടേയും ഇടയിൽ അദ്ദേഹത്തിനുള്ള സ്ഥാനം വിലപ്പെട്ടതാണെന്ന് കേരളകോൺഗ്രസ് സംസ്ഥ്രാന ഓർഗനൈസിംഗ് സെക്രട്ടറി ആന്റോ അഗസ്റ്റിൻ പറഞ്ഞു.
മാനന്തവാടി രൂപത
എം.പി. വീരേന്ദ്രകുമാർ എം.പിയുടെ നിര്യാണത്തിൽ മാനന്തവാടി രൂപതയുടെ അനുശോചനം രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം രേഖപ്പെടുത്തി. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും എം.പി. വീരേന്ദ്രകുമാർ പ്രദർശിപ്പിച്ച എല്ലാ നന്മകളെയും സാമൂഹിക, സാംസ്‌കാരിക രംഗത്തെ സംഭാവനകളെയും അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി രൂപതാദ്ധ്യക്ഷൻ പറഞ്ഞു.
എം പി വീരേന്ദ്രകുമാർ എം.പിയുടെ വിയോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അനശോചനം രേഖപ്പെടുത്തി
പരിസ്ഥിതി പ്രശ്നങ്ങളിൽ വ്യക്തമായ നിലപാട്
പ്രകൃതിസംരക്ഷണത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് പരിസ്ഥിതി പ്രശ്നങ്ങളിൽ ശക്തവും വ്യക്തവുമായ നിലപാടുകൾ എടുത്ത അപൂർവ്വം രാഷ്ട്രീയ നേതാക്കളിൽ പ്രമുഖനായിരുന്നു എം.പി.വീരേന്ദ്രകുമാറെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി. സൈലന്റ് വാലി സംരക്ഷണംമുതൽ പ്ലാച്ചിമട വരെയുള്ള പ്രക്ഷോങ്ങേൾക്കൊപ്പം അദ്ദേഹം നിലകൊണ്ടിട്ടുണ്ട്. 1980 ൽ വയനാട് പ്രകൃതിസംരക്ഷണ സമിതി രൂപീകൃതമായത് അദ്ദേഹത്തിന്റെ മുൻകൈയിലാണ്.വയനാടിന്റെ മണ്ണം കാടും ജലവും സംരക്ഷിക്കുന്നതിനായി കഴിഞ്ഞ നാലു പതിറ്റാണ്ടായി നടന്നു വരുന്ന മുഴുവൻ സമരങ്ങളെയും വീരേന്ദ്രകുമാർ പിന്തുണച്ചിട്ടുണ്ട്. ചരിത്ര പൈതൃകമായ എടക്കൽ ഗുഹാ സംരക്ഷണ പ്രക്ഷോഭത്തെ മുഴുവൻ രാഷട്രീയപ്പാർട്ടികളും ശക്തമായി എതിർത്തപ്പോൾ വീരേന്ദ്രകുമാർ മുൻ നിരയിൽ നിന്ന് പിൻതുണച്ചു.
വയനാട് പ്രസ് ക്ലബ്
എം.പി വീരേന്ദ്ര കുമാറിന്റെ വേർപാടോടെ വയനാടിന് നഷ്ടമായത് സ്വന്തം എഴുത്തുകാരനെയാണെന്ന് വയനാട് പ്രസ്സ് ക്ലബ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. വയനാടിനെ ലോകത്തിന് പരിചയപ്പെടുത്തിയ എഴുത്തുകാരനായിരുന്നു എം.പി വീരേന്ദ്രകുമാർ. ഞാൻ ഒന്നും എടുക്കുന്നില്ല എന്ന അദ്ദേഹത്തിന്റെ വചനം വായനാട്ടുകാർ ശിരസാ വഹിക്കുകയായിരുന്നു. എല്ലാവർക്കും വേണ്ടി നിലകൊണ്ട അക്ഷയഖനിയായിരുന്നു അദ്ദേഹം.