m

കോഴിക്കോട്: സ്വന്തം നഗരമായി കോഴിക്കോടിനെ നെഞ്ചേറ്റിയിരുന്ന മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാംഗവും മാതൃഭൂമി സി.എം.ഡി യുമായ എം.പി. വീരേന്ദ്രകുമാറിന് നഗരം നിറം മങ്ങാത്ത ഓർമ്മകളുമായി വിട ചൊല്ലി.

കഴിഞ്ഞ ദിവസം രാത്രി അന്തരിച്ച വീരേന്ദ്രകുമാറിന്റെ ഭൗതികശരീരം ഇന്നലെ രാവിലെ 11 മണിയോടെയാണ് ജന്മനാടായ വയനാട് കല്പറ്റ പുളിയാർമലയിലെ വീട്ടിലേക്ക് കൊണ്ടുപോയത്. വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംസ്‌കാരം.

സ്വകാര്യ ആശുപത്രിയിൽ നിന്ന് ഭൗതികശരീരം വ്യാഴാഴ്ച അർദ്ധരാത്രിയോടെ ചാലപ്പുറത്തെ വസതിയിലേക്ക് മാറ്റിയിരുന്നു. പ്രിയങ്കരനായ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ ആ സമയം തൊട്ടുതന്നെ ആളുകളുടെ ഒഴുക്കായിരുന്നു. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മന്ത്രി എ.കെ.ശശീന്ദ്രൻ പുഷ്പചക്രം അർപ്പിച്ചു. നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണനു വേണ്ടി എ.ഡി.എം രോഷ്‌നി നാരായണനും മിസോറാം ഗവർണർ പി.എസ്.ശ്രീധരൻപിള്ളയ്ക്കു വേണ്ടി ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം പി.എം.ശ്യാംപ്രസാദും കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവിയ്ക്ക് വേണ്ടി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി.ശ്യാംകുമാറും റീത്ത് സമർപ്പിച്ചു.

മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കൃഷ്ണൻകുട്ടി, കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.പി മാരായ കെ.മുരളീധരൻ, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൾ വഹാബ്, എളമരം കരീം, എം.എൽ.എ മാരായ സി.കെ. നാണു, എ.പ്രദീപ് കുമാർ, എം.കെ.മുനീർ, പുരുഷൻ കടലുണ്ടി, പാറക്കൽ അബ്ദുള്ള, മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി.ചന്ദ്രൻ, മാതൃഭൂമി ജോയിന്റ് മാനേജിംഗ് എഡിറ്റർ പി.വി.നിധീഷ്, ഡയറക്ടർമാരായ പി.വി.ഗംഗാധരൻ, അഡ്വ.ഷഹീർ സിംഗ്, ഡോ.എം.ജയരാജ്, ഹേമലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ, താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമജിനാനിയിൽ, മുൻ മന്ത്രി കെ.പി.മോഹനൻ, സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.സതീദേവി, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ.സുബ്രഹ്മണ്യൻ, പി.എം.നിയാസ്, കെ.പ്രവീൺ കുമാർ, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി.മായിൻ ഹാജി, എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡോ.വർഗീസ് ജോർജ്, ഷെയ്ക്ക് പി. ഹാരിസ്, എൽ.ഡി.എഫ്. ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.പി.അബ്ദുൽ വഹാബ്, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ.ജോബ് കാട്ടൂർ, ആർ.എസ്.എസ് പ്രാന്തകാര്യവാഹ് പി.ഗോപാലൻകുട്ടി, കോഴിക്കോട് വിഭാഗ് പ്രചാരക് വി.ഗോപാലകൃഷ്ണൻ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്, എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ഗവാസ്, എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ, പി.കെ.ഗ്രൂപ്പ് ചെയർമാൻ പി.കെ.അഹമ്മദ്, മലബാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം.പി.അഹമ്മദ്, എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ.വത്സൻ, ആലങ്കോട് ലീലാകൃഷ്ണൻ, കെ.പി.രാമനുണ്ണി, കല്പറ്റ നാരായണൻ, യു.കെ.കുമാരൻ, ജോയ് മാത്യു, എം.പി.അബ്ദുസമദ് സമദാനി, പി.പി.ശ്രീധരനുണ്ണി, ഡോ.ഖദീജ മുംതാസ്, ബി.ജെ.പി.സംസ്ഥാന സെക്രട്ടറിമാരായ പി.രഘുനാഥ്, കെ.പി.പ്രകാശ് ബാബു, സിറ്റി പൊലീസ് ചീഫ് എ.വി.ജോർജ്ജ്, യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, സീതാറാം മിൽസ് ചെയർമാൻ സി.മുഹമ്മദ് യൂസഫ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.കുട്ടൻ, ഡോ.കെ.മൊയ്തു, ഡോ.വി.കുഞ്ഞാലി, ടോംയാസ് അഡ്വട്ടൈസിംഗ് സർവീസ് ചീഫ് എക്‌സിക്യൂട്ടിവ് തോമസ് പാവറട്ടി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് വേണ്ടി സൗത്ത് മണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷ്ണൻ റീത്ത് സമർപ്പിച്ചു.