വടകര: മാമ്പഴക്കാലത്തെ കൊവിഡ് കവർന്നെങ്കിലും ഒഞ്ചിയം തയ്യിൽ പലയങ്കുന്നത്ത് പി.കെ.പവിത്രന്റെ മാമ്പഴ വിശേഷങ്ങൾക്ക് കുറവൊന്നുമില്ല. രോഗഭീതിയിൽ എല്ലാവരും വീടുകളിലേക്ക് മടങ്ങിയപ്പോൾ നേരത്തെ കച്ചവടം ഉറപ്പിച്ച മാങ്ങകൾ മൂപ്പുനോക്കി പറിച്ചെടുക്കുന്ന തിരക്കിലായിരുന്നു ഈ മാമ്പഴ വ്യാപാരി. നാട്ടിൻപുറത്ത് മാവ് പൂക്കുമ്പോൾ തന്നെ പവിത്രനെത്തി പൂക്കുല നോക്കി കച്ചവടം ഉറപ്പിച്ചിരിക്കും. തൊണ്ടൻ, ഒളോർ, ഏറാമല ഒളോർ തുടങ്ങി ഏതു മാങ്ങയുമാവട്ടെ ഔഷധ ഗുണവും രുചിയും പവിത്രന് മനഃപാഠമാണ്. അതിനാൽ സീസണാകുന്നതോടെ തരംനോക്കി മാങ്ങ വാങ്ങാൻ ആവശ്യക്കാരുടെ തിരക്കായിരിക്കും. വർഷങ്ങളായി പവിത്രന്റെ ജീവിത മാർഗ്ഗമാണ് മാമ്പഴ കച്ചവടം. വടകരയുടെ വിവിധ ഭാഗങ്ങളിലെ മാർക്കറ്റുകളിൽ മാമ്പഴമെത്തിക്കുന്ന പവിത്രന്റെ ശീലത്തിന് കാൽ നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. വൈക്കോലും കൊന്ന ഇലയും പൂവും ഉപയോഗിച്ച് 'പഴഞ്ചൻ രീതി'യിൽ പവിത്രൻ പഴുപ്പിച്ചെടുക്കുന്ന മാമ്പഴം തേടി ദൂര ദിക്കുകളിൽ നിന്നുപോലും ആളുകൾ എത്താറുണ്ട്.
ലോക്ക് ഡൗണിൽ നാടാകെ അടച്ചിട്ടപ്പോൾ പകച്ചുപോയ പവിത്രനെ പക്ഷെ, മാമ്പഴം ചതിച്ചില്ല. പഴുത്ത് വിൽപ്പനയ്ക്ക് പാകമായി നിൽക്കുന്ന മാമ്പഴം ഇനി വിപണിയിലെത്തിച്ചാൽ മതി.