m

കോഴിക്കോട്: വയാനാടൻ ചുരമിറങ്ങിയ എം.പി. വീരേന്ദ്രകുമാർ പെട്ടെന്നാണ് കോഴിക്കോട്ടുകാരുടെ മനസുകളിൽ ചേക്കേറിയത്. കൈവെച്ച മേഖലകളെ പൊന്നാക്കിയ വീരന്റെ വിടവാങ്ങാൽ സാമൂതിരി നാടിനെയും കണ്ണീരിലാഴ്‌ത്തി. ചാലപ്പുറത്തെ വീരേന്ദ്രകുമാറിന്റെ വീടിന്റെ വാതിൽ ആർക്കുമുന്നിലും അടഞ്ഞിരുന്നില്ല. ജനപ്രതിനിധിയായപ്പോഴും അല്ലാതിരുന്നപ്പോഴും അദ്ദേഹം കോഴിക്കോടിനെ നെഞ്ചോട് ചേർത്തു. എഴുത്തുമായി ബന്ധപ്പെട്ട ചർച്ചകളിൽ സജീവമായി. വീരേന്ദ്രകുമാറിന്റെ പ്രസംഗം കേൾക്കാൻ മാത്രം നിരവധി ആരാധകർ ഇത്തരം ചടങ്ങുകളിലെത്തിയിരുന്നു.

1991ൽ കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാനെത്തിയപ്പോൾ കെ. മുരളീധരനിലൂടെ അദ്ദേഹം പരാജയം രുചിച്ചു. എന്നാൽ 1996ൽ കെ. മുരളീധരനെ മലർത്തിയടിച്ചു. 1997ലെ ദേവഗൗഡ മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയായി. തുടർന്ന് ഐ.കെ. ഗുജറാൾ മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയുള്ള തൊഴിൽ സഹമന്ത്രിയുമായി. നഗരവികസന മന്ത്രാലയത്തിന്റെ അധിക ചുമതലയും വഹിച്ചു. രണ്ട് വർഷം കഴിഞ്ഞ് നടന്ന തിരഞ്ഞെടുപ്പിൽ അഡ്വ. പി. ശങ്കരനോട് പരാജയപ്പെട്ടു. 2004ൽ റെക്കാർഡ് ഭൂരിപക്ഷത്തോടെ അദ്ദേഹം കോഴിക്കോടിനെ പാർലമെന്റിൽ പ്രതിനിധീകരിച്ചു. 2009ൽ എൽ.ഡി.എഫ് സീറ്ര് നിഷേധിച്ചതോടെ കോഴിക്കോടിന്റെ ചരിത്രം മാറി. അതിന് ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും കോഴിക്കോട് എൽ.ഡി.എഫിനെ കൈവിട്ടു.

ഇടതുമുന്നണിയോട് ഇടഞ്ഞ വീരേന്ദ്രകുമാർ ജനതാദൾ എസ് വിട്ട് സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്രിക് എന്ന പാർട്ടി രൂപീകരിച്ചു. എ.കെ.ജി സെന്ററിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ടെന്ന വൈകാരികമായ പ്രസംഗം കോഴിക്കോടിന്റെ മനസിൽ തട്ടി. കോഴിക്കോട്ടേത് പേമെന്റ് സീറ്രാണെന്ന ആരോപണം വിജയം ഉറപ്പിച്ച സി.പി.എമ്മിന് തിരിച്ചടിയായി. മത്സരിക്കാൻ തയ്യാറാകാതെ ഇടതുപക്ഷത്തിനെതിരെ നിരന്തരം പേരാടിയ വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ വിജയമായിരുന്നു 2009 ലോക്‌സഭാ തിരഞ്ഞെടുപ്പ്.

തുടർന്ന് യു.ഡി.എഫിലെത്തിയ അദ്ദേഹത്തിന് വലിയ നേട്ടങ്ങൾ ഉണ്ടാക്കാനായില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് ജനതയ്‌ക്ക് കാര്യമായ നേട്ടമുണ്ടായില്ല. 2014ൽ പാലക്കാട്ട് മത്സരിച്ചെങ്കിലും ചരിത്രത്തിലെ വലിയ തിരിച്ചടിയാണ് നേരിട്ടത്. നിയമസഭ തിരഞ്ഞെടുപ്പിലും പാർട്ടി സമ്പൂർണ പാരാജയം ഏറ്റുവാങ്ങി. എന്നാൽ രാജ്യസഭ സീറ്റ് നൽകി യു.ഡി.എഫ് ഒപ്പം നിറുത്തി. തുടർന്ന് സോഷ്യലിസ്റ്റ് ജനത, ജനതാദൾ യുണൈറ്റഡുമായി ലയിച്ചു.

അതിനിടെ ബി.ജെ.പിയുമായി സഹകരിക്കാനുള്ള ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് 2017ൽ രാജ്യസഭാംഗത്വം രാജിവെച്ചു. പിന്നീട് യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് ലോക് താന്ത്രിക് ജനതാദൾ രൂപീകരിച്ചു. 2018 മാർച്ചിൽ ഇടതുമുന്നണിയുടെ പിന്തുണയോടെ രാജ്യസഭാംഗമായി. 2018 ഡിസംബറിൽ ലോക് താന്ത്രിക് ജനതാദൾ ഇടതുമുന്നണിയിൽ ഘടകകക്ഷിയായി. അവസാന സമയങ്ങളിലും കൊവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങളും സഹായങ്ങളും നൽകിയാണ് അദ്ദേഹം വിടവാങ്ങിയത്.