ഇരുവരും വിദേശത്ത് നിന്നെത്തിയവർ

കൽപ്പറ്റ: വയനാട്ടിൽ രണ്ട് പേർക്ക് കൂടി കോവിഡ് ബാധിച്ചു. പൂതാടി സ്വദേശിയായ 28 കാരനും മേപ്പാടി സ്വദേശിയായ 62 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും വിദേശത്ത് നിന്നെത്തി കൽപ്പറ്റയിലെ കേവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നു. പൂതാടി സ്വദേശി ദോഹയിൽ നിന്ന് കഴിഞ്ഞ പതിനെട്ടാം തിയ്യതിയും മേപ്പാടി സ്വദേശി അബൂദാബിയിൽ നിന്ന് 17 നുമാണ് കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് ഇരുവരും ചികിൽസയിൽ കഴിയുന്നത്.
ജില്ലയിൽ വെളളിയാഴ്ച്ച 5 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ചെന്നൈ കോയമ്പേട് മാർക്കറ്റിൽ നിന്നെത്തിയ നെൻമേനി സ്വദേശിയായ 25 കാരനും ദുബായിൽ നിന്നെത്തിയ നെൻമേനി സ്വദേശിയായ 25 കാരിയായ ഗർഭിണിയും മാനന്തവാടിയിലെ ട്രക്ക് ഡ്രൈവറുടെ 49 കാരിയായ ഭാര്യയും 5 വയസ്സും 11 മാസം പ്രായമുളള പേരകുട്ടികളുമാണ് രോഗമുക്തി നേടിയത്. നിലവിൽ രോഗം സ്ഥിരീകരിച്ച 7 പേർ ഉൾപ്പെടെ 14 പേരാണ് ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്.

വ്യാഴാഴ്ച്ച 190 പേരാണ് പുതുതായി നിരീക്ഷണത്തിലായത്. നിലവിൽ 3833 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന 570 ആളുകൾ ഉൾപ്പെടെ 1770 പേർ കോവിഡ് കെയർ സെന്ററുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 203 പേർ നിരീക്ഷണം പൂർത്തിയാക്കി.
ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 1739 ആളുകളുടെ സാമ്പിളു കളിൽ 1548 എണ്ണത്തിന്റെ ഫലം ലഭിച്ചു. 1521 എണ്ണം നെഗറ്റീവാണ്. 186 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്നും ആകെ 1774 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 1543 ഉം നെഗറ്റീവാണ്.
ജില്ലയിലെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ 2320 വാഹനങ്ങളിലായി എത്തിയ 4361 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 400 പേർക്ക് കൗൺസലിംഗ് നൽകി. സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളിൽ കഴിയുന്ന 62 രോഗികൾക്ക് ആവശ്യമായ പരിചരണം നൽകി.

കണ്ടെൻമെന്റ് സോണിൽ നിന്നൊഴിവാക്കി
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളെയും കണ്ടെൻമെന്റ് സോണിൽ നിന്നൊഴിവാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി.