covid-

കോഴിക്കോട്: ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ പറഞ്ഞു. 27ന് ബഹ്‌റൈനിൽ നിന്നെത്തിയ 69 വയസുള്ള ചോറോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേർ രോഗമുക്തി നേടി.

കരിപ്പൂരിലെത്തിയ ചോറോട് സ്വദേശിയെ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്. കണ്ണൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് കോഴിക്കോട് സ്വദേശികളാണ് രോഗമുക്തരായത്. ഇതോടെ കോഴിക്കോട്ട് രോഗമുക്തരായവരുടെ എണ്ണം 28 ആയി. 59 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

31 പേരാണ് ചികിത്സയിലുള്ളത്. 15 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 13 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്ന് പേർ കണ്ണൂരിലുമാണ് ചികിത്സയിലുള്ളത്. ഒരു മലപ്പുറം സ്വദേശിയും മൂന്ന് കാസർകോട് സ്വദേശികളും ഒരു തൃശൂർ സ്വദേശിയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരു തൃശൂർ സ്വദേശി എം.വി.ആർ കാൻസർ സെന്ററിലും ചികിത്സയിലുണ്ട്.

ഇന്നലെ 251 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. 4555 സാമ്പിളുകൾ അയച്ചതിൽ 4223 എണ്ണം നെഗറ്റീവാണ്. 257 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

കോഴിക്കോട്ടെ കൊവിഡ് ഇങ്ങനെ

 ആകെ രോഗികൾ- 59

 ചികിത്സയിലുള്ളത്- 31

 നെഗറ്റീവായത്- 28

 ഇന്നലെ അയച്ച സാമ്പിൾ- 251

 ആകെ അയച്ചത് - 4555

 നെഗറ്റീവായത്- 4223

 ലഭിക്കാനുള്ളത്- 257