കൽപ്പറ്റ: കൃഷിയിടങ്ങളിലെ വെട്ടുകിളി സമാനമായ പുൽച്ചാടികളുടെ സാന്നിദ്ധ്യത്തിനെതിരെ അതീവ ജാഗ്രത വേണമെന്ന് കൃഷി വകുപ്പ്. ജില്ലയിലെ ചിലഭാഗങ്ങളിൽ ഇവയുടെ ആക്രമണം ഉണ്ടാവുന്നുണ്ട്. കോഫി ലോക്കസ്റ്റ് എന്ന പുൽച്ചാടികളാണ് കൃഷിയിടങ്ങളിൽ കാണുന്നത്. താരതമ്യേന വലിയ തോതിൽ വിളകൾ നശിപ്പിക്കാത്തയിനം പുൽച്ചാടികളാണ് ഇവ.
അനുകൂല സാഹചര്യത്തിൽ പെട്ടെന്ന് വംശവർധന നടത്തുന്ന ഇവ വളരെ ദൂരം കൂട്ടം കൂട്ടമായി സഞ്ചരിച്ച് സകല പച്ചപ്പുകളെയും തിന്നു നശിപ്പിക്കും. കിഴക്കൻ ഏത്യോപ്യ, സോമാലിയ, കെനിയ, ഉഗാണ്ട, ടാൻസാനിയ, ദക്ഷിണ സുഡാൻ, എറിട്രിയ, ജിബൂട്ടി, മുതലായ ആഫ്രിക്കൻ രാജ്യങ്ങളിലെല്ലാം വിളനാശങ്ങൾക്കും ഭക്ഷ്യക്ഷാമത്തിനും കാരണമായവയാണിവ.
രാജ്യത്തിന്റെ കൊവിഡാനന്തര ഭക്ഷ്യ സുരക്ഷിതത്വത്തിന് വെട്ടുകിളികൂട്ടം ഭീഷണി ഉയർത്തുന്നുണ്ട്. മണിക്കൂറുകൾക്കകം ഒരു വിസ്തൃത ഭൂഭാഗത്തെ പച്ചപ്പപ്പാടെ ഇവ അകത്താക്കും. ഒരു ചതുരശ്ര കിലോമീറ്ററിൽ 40 മുതൽ 80 ദശലക്ഷം എന്ന തോതിൽ വെട്ടുകിളികൾ ഒരു കാർഷിക മേഖലയിൽ പറന്നിറങ്ങുമ്പോൾ ഒരു ദിവസം കൊണ്ട് അവ തീർക്കുന്ന വിളനാശം ഏകദേശം 35000 മനുഷ്യർക്ക് ഒരു ദിവസം ആഹരിക്കേണ്ട ഭക്ഷണത്തിന് തുല്യമാണ്. ഇവയുടെ പറക്കൽ ശേഷി ഒരു ദിവസം ശരാശരി 150 കിലോമീറ്ററാണ്.
ഇക്കുറി പതിവിലും നേരത്തേയാണ് ഇവ എത്തിയിരിക്കുന്നത്. കാലം തെറ്റിയുള്ള ഈ കടന്നാക്രമണത്തിന് മുഖ്യകാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് ലോകഭക്ഷ്യ കാർഷിക സംഘടന ചൂണ്ടിക്കാട്ടുന്നു.
ഇവയെ നിയന്ത്രിക്കുന്നതിന് മെറ്റാറൈസിയം എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു തളിച്ചു കൊടുക്കാവുന്നതാണ്. വെളുത്തുള്ളി – വേപ്പെണ്ണ മിശ്രിതവും നിയന്ത്രണത്തിന് സഹായകമാണ്. മാരകവീര്യമുള്ള രാസകീടനാശിനികളുടെ ഉപയോഗം ഒഴിവാക്കുന്നതിന് തുടക്ക ത്തിൽതന്നെ കീട നിയന്ത്രണോപാധികൾ സഹായിക്കുമെന്ന് കൽപറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.