രാമനാട്ടുകര: കൊവിഡ് -19ന്റെ പശ്ചാത്തലത്തിൽ മദ്യവിൽപ്പന ഓൺലൈൻ വഴി നിയന്ത്രിച്ചെങ്കിലും രാമനാട്ടുകരയിൽ ഇന്നലെയും നടന്നത് സാമൂഹ്യ അകലം പാലിക്കാതെയുള്ള വിൽപ്പന. രാമനാട്ടുകരയിൽ മദ്യ വിൽപ്പന തുടങ്ങിയ ദിവസം ഒരു ബാറിലെ ബില്ലിംഗ് സംവിധാനം പണിമുടക്കിയതോടെ ആളുകളുടെ തിക്കും തിരക്കുമായിരുന്നു. ഇന്നലെ മറ്റൊരു ബാറിൽ മദ്യത്തിന്റെ ലോഡ് വരാൻ വൈകിയതാണ് ആൾക്കൂട്ടത്തിന് കാരണമായത്. രാവിലെയും ഉച്ചയ്ക്കുമായി ടോക്കൺ ലഭിച്ചവർ ഒരേസമയം ക്യൂവിലെത്തിയത് തിരക്കുകൂട്ടി. വൈകീട്ട് അഞ്ചു മണി വരെ നീണ്ട ക്യൂ ആയിരുന്നു. ബാർ ജീവനക്കാരും സെക്യൂരിറ്റിയും ആളുകളോട് അകന്നു നിൽക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും ക്യൂവിലുള്ള ആളുകളുടെ നിൽപ്പ് തൊട്ടു തൊട്ടു തന്നെയായിരുന്നു. പലർക്കും മാസ്ക് പോലും ഉണ്ടായിരുന്നില്ല. ടോക്കൺ നമ്പർ ഇല്ലാത്തവരും ക്യൂവിലുണ്ടെന്ന പരാതി ഉയർന്നതോടെ ബാർ അധികൃതർ വിൽപ്പനയും കർശനമാക്കി.