കോഴിക്കോട് : പൂളക്കോട്, ചാത്തമംഗലം വില്ലേജ് ഓഫീസുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 88 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒൻപത് വില്ലേജ് ഓഫീസുകൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രവൃത്തി നടത്തുന്നത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ചെലവിൽ നടക്കുന്ന കുന്ദമംഗലം വില്ലേജ് ഓഫീസ് നവീകരണം അവസാന ഘട്ടത്തിലാണ്. ഒളവണ്ണ, മാവൂർ വില്ലേജ് ഓഫീസിനോടനുബന്ധിച്ച് ഡിസാസ്റ്റർ റിലീഫ് സെന്റർ നിർമ്മിക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്. പെരുവയൽ, കുറ്റിക്കാട്ടൂർ വില്ലേജ് ഓഫീസുകൾക്ക് സ്ഥലം ലഭ്യമായാൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും. പന്തീരങ്കാവ് വില്ലേജ് ഓഫീസ്, പൂളക്കോട് വില്ലേജ് ഓഫീസിൽ സ്റ്റാഫ് ക്വാർട്ടേഴ്‌സ് എന്നിവ ഈ സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കിയവയാണെന്ന് എം.എൽ.എ അറിയിച്ചു.