നാദാപുരം: കൊവിഡ് സ്ഥിരീകരിച്ച തൂണേരി കോടഞ്ചേരി സ്വദേശിയായ മത്സ്യ വ്യാപാരി സമ്പർക്കം പുലർത്തിയ നാദാപുരം മേഖലയിൽ പൊലീസും ആരോഗ്യ വകുപ്പും സമൂഹ വ്യാപനം തടയാനുള്ള ശ്രമത്തിൽ. പെരിങ്ങത്തൂർ, ചെറ്റക്കണ്ടി, പാറക്കടവ്, കായലോട്ടു താഴ പാലങ്ങളും, വളയം, നാദാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സംസ്ഥാനപാതയിലും നാദാപുരം, പുറമേരി, വളയം, പഞ്ചായത്തിലെ ഉൾനാടൻ റോഡുകളിലും യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഈ പ്രദേശങ്ങളിൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. മത്സ്യ മാർക്കറ്റും അതിനോട് ചേർന്ന വ്യാപാര സ്ഥാപനങ്ങളും അടച്ചു. നാദാപുരം പൊലീസ് അതിർത്തിയിലെ കുനിങ്ങാട്, പുറമേരി വാട്ടർ ടാങ്ക്, പാറക്കടവ് പാലം, വിഷ്ണുമംഗലം പാലം, വേറ്റുമ്മൽ, തൂണേരി, കോടഞ്ചേരി, ചേലക്കാട് പൂശാരിമുക്ക് എന്നീ സ്ഥലങ്ങൾ പൊലീസ് നിയന്ത്രണത്തിലാക്കി. രോഗിയുമായി സമ്പർക്കം പുലർത്തിയ കച്ചവടക്കാരുൾപ്പെടെയുള്ള 60 പേരുടെ പട്ടിക ആരോഗ്യ വകുപ്പ് ശേഖരിച്ചു . പലയിടത്തും ഉച്ചയോടെ കച്ചവട സ്ഥാപനങ്ങൾ അടച്ചെങ്കിലും കല്ലാച്ചി, വാണിമേൽ ടൗണുകളിൽ ഇന്നലെയും വൻ തിരക്ക് അനുഭപ്പെട്ടു.