കോഴിക്കോട്: അവകാശ പോരാട്ടങ്ങളിലൂടെ വിദ്യാഭ്യാസ സാംസ്‌കാരിക വിഷയങ്ങളിൽ സംഘടനയുടെ ശക്തമായ സാന്നിദ്ധ്യം അടയാളപ്പെടുത്തി കാൽ നൂറ്റാണ്ടുകാലം കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയന്റെ (കെ.എസ് .ടി.യു.) സംസ്ഥാന നേതൃ പദവികൾ അലങ്കരിച്ച സി.പി.ചെറിയ മുഹമ്മദ് 30 വർഷത്തെ അദ്ധ്യാപക ജീവിതത്തിൽ നിന്ന് ഇന്ന് പടിയിറങ്ങുന്നു.
സംസ്ഥാന സ്‌കൂൾ കരിക്കുലം കമ്മിറ്റി അംഗവും മുക്കം ആനയാംകുന്ന് വി.എം.എച്ച്.എം.എച്ച്.എസ് പ്രിൻസിപ്പാളുമായ സി.പി ഹയർ സെക്കൻഡറി പരീക്ഷയുടെ ചുമതല കൂടി വഹിച്ച ശേഷമാണ് സർവീസിനോട് വിട പറയുന്നത്. 1990ൽ ഹൈസ്‌കൂൾ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച സി.പി ഹയർസെക്കൻഡറി വന്നതോടെ അവിടേക്ക് മാറി. യാദൃച്ഛികമെങ്കിലും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് തൊട്ടു പിറ്റേന്നാണ് സി.പി ജോലിയിൽ പ്രവേശിക്കുന്നത്. പൊതുപ്രവർത്തനത്തിനൊപ്പം മനസ്സിൽ കരുതിവെച്ച അദ്ധ്യാപക ജോലി ലഭിച്ചങ്കിലും പരസ്പരം കൂട്ടിമുട്ടാതെ നേർദിശയിൽ കൊണ്ടുപോയി എന്നതാണ് ചെറിയ മുഹമ്മദിന്റെ ഔദ്യോഗിക ജീവിതത്തിന്റെ തിളക്കത്തിന് കാരണം. 16 വർഷം കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് പദവി അലങ്കരിച്ച സി.പി ഇതിനിടെ മൂന്ന് വിദ്യാഭ്യാസ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ പ്രവർത്തിച്ചു. തിരൂരങ്ങാടി പോക്കർ സാഹിബ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ഫാറൂഖ് ട്രൈനിംഗ് കോളേജിൽ നിന്ന് അദ്ധ്യാപക പരിശീലനവും പൂർത്തിയാക്കിയ സി.പി രണ്ടിടങ്ങളിൽ നിന്നും സർവകലാശാല യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കാലിക്കറ്റ്, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലകളിലെ സെനറ്റ് അംഗമായിരുന്ന സി.പി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നു.