കൽപറ്റ: സംസ്ഥാനത്തു ഫലവർഗങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനു ആവിഷ്‌കരിച്ച ഒരു കോടി തൈ നടീൽ പദ്ധതിയിൽ ഒന്നാംഘട്ടം തൈ വിതരണം പരിസ്ഥിതി ദിനത്തിൽ ആരംഭിക്കും.
മാങ്ങ, ചക്ക, മാതളം, പാഷൻഫ്രൂട്ട്, പനീർ ചാമ്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്, പേരക്ക, നാരങ്ങ, മുരിങ്ങ, കറിവേപ്പ്, വാളൻപുളി, കൊടംപുളി, റമ്പൂട്ടാൻ, കടച്ചക്ക, മാഗോസ്റ്റീൻ, ചാമ്പക്ക, നേന്ത്രൻ, ഞാലിപ്പൂവൻ തുടങ്ങി 21 ഇനം ഫലവർഗങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനു ആവിഷ്‌കരിച്ചതാണ് പദ്ധതി. കൃഷി, ദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, വനം വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
വീട്ടുവളപ്പുകൾ, പൊതുസ്ഥലങ്ങൾ, പായോരങ്ങൾ, സർക്കാർ കെട്ടിടവളപ്പുകൾ, സ്‌കൂൾവളപ്പുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധസംഘടനാപ്രവർത്തകർ എന്നിവരുടെയും സഹായത്തോടെയാണ് തൈകൾ നടുക.
കൃഷി വകുപ്പിനു കീഴിലുള്ള ഫാമുകൾ, കാർഷിക കർമസേന, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള, അഗ്രോ സർവീസ് സെന്റർ/കാർഷിക കർമസേന, കാർഷിക സർവകലാശാല എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്നതിൽ ഗ്രാഫ്റ്റ്, ലെയർ ടിഷ്യൂ കൾച്ചർ ഒഴികെ ഫലവൃക്ഷത്തൈകൾ സൗജന്യമായാണ് പദ്ധതിയിൽ വിതരണം ചെയ്യുന്നത്. ഗ്രാഫ്റ്റ്, ലെയർ ടിഷ്യൂ കൾച്ചർ തൈകൾക്കു വിലയുടെ 25 ശതമാനം ഈടാക്കും. കൃഷി വകുപ്പു നിശ്ചയിച്ച നിരക്കിൽ തൈകൾ വിതരണത്തിനു ശേഖരിക്കും. തൊഴിലുറപ്പു പദ്ധതിയിൽ ഉത്പാദിപ്പിക്കുന്ന തൈകളുടെ വിതരണം പൂർണമായും സൗജന്യമാണെങ്കിലും ഗുണഭോക്തൃകൂടുംബം തൊഴിൽ കാർഡുള്ള പാർശ്വവത്കൃത വിഭാഗത്തിൽപ്പെട്ടതാകണം. വനം വകുപ്പ് ഉത്പാദിപ്പിക്കുന്ന തൈകൾ സൗജന്യമായി ലഭ്യമാക്കും. വിദ്യാർഥികൾക്കും യുവാക്കൾക്കും മുൻഗണന നൽകും.
വയനാട്ടിൽ വിതരണം ചെയ്യുന്നതു 6.47 ലക്ഷം തൈകൾ
വയനാട്ടിൽ രണ്ടു ഘട്ടങ്ങളിലായി വിതരണം ചെയ്യുന്നത് 6.47 ലക്ഷം തൈകൾ. ഇതിൽ 4.03 ലക്ഷം തൈകൾ കൃഷി വകുപ്പു മുഖേനയും 2.44 ലക്ഷം തൈകൾ വനം വകുപ്പുമാണ് വിതരണത്തിനു ലഭ്യമാക്കുന്നത്.
കൃഷി വകുപ്പു മുഖേന ഒന്നാംഘട്ടത്തിൽ 1.57 ലക്ഷം തൈകളാണ് വിതരണം ചെയ്യുന്നതെന്നു ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഒന്നാംഘട്ടത്തിൽ വിതരണം ചെയ്യുന്ന തൈകളുടെ നടീൽ ജൂൺ 30നകവും രണ്ടാം ഘട്ടത്തിലേതു സെ്ര്രപംബർ അവസാനത്തോടെയും പൂർത്തിയാക്കും.
അമ്പലവയൽ പ്രദേശിക ഗവേണകേന്ദ്രം ഒരു ലക്ഷം ഫലവൃക്ഷത്തൈകളും വിഎഫ്.പി.സി.കെ 15,000 ഫലവൃക്ഷത്തൈകളും 58,500 വാഴക്കന്നുകളും
അഗ്രോ സർവീസ് സെന്റർ/കാർഷിക കർമസേന 89,200 ഫലവൃക്ഷത്തൈകളും 44,500 വാഴക്കുന്നുകളും വിതരണത്തിനു കൃഷി വകുപ്പിനു നൽകും. തൊഴിലുറപ്പ് പദ്ധതിയിലൂടെ 60,000ഉം കുടുബശ്രീയിലൂടെ 35,715ഉം ഫലവൃക്ഷത്തൈകളാണ് വിതരണം ചെയ്യുക.
വനം വകുപ്പ് ചുഴലി, കുന്നമ്പറ്റ, മേലേ കുന്താണി, താഴെ കുന്താണി, ബേഗൂർ നഴ്സറികളിൽ ഉത്പാദിപ്പിച്ച പേര, ഞാവൽ, പ്ലാവ്, നെല്ലി, സീതപ്പഴം, ചെറുനാരകം, ഉറുമാമ്പഴം, വാളംപുളി തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് വിതരണം ചെയ്യുകയെന്നു സോഷ്യൽ ഫോറസ്ട്രി ഡി.എഫ്.ഒ എം.ടി.ഹരിലാൽ പറഞ്ഞു.
പരിസ്ഥിതി ദിനത്തിലും തുടർന്നും നടുന്നതിനു കരിമരുത്, ഞാവൽ, വേപ്പ്, മഹാഗണി, കുമിഴ്, ഉങ്ങ്, കുമിഴ്, താന്നി, കുടംപുളി, നീർമരുത് തുടങ്ങിയ വൃക്ഷങ്ങളുടെ തൈകളും വനം വകുപ്പ് തയാറാക്കിയിട്ടുണ്ട്.
വനം വകുപ്പിന്റെ അഞ്ചു നഴ്സറികളിലുമായി മൂന്നു ലക്ഷത്തോളം തൈകളാണ് പാകമായത്.