covid-

കോഴിക്കോട്: ജില്ലയിൽ ഇന്നലെ ഒരു വയസുള്ള കുട്ടിയുൾപ്പെടെ നാല്‌ പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു. രണ്ട്‌ പേർ ചെന്നൈയിൽ നിന്നും മറ്റുള്ളവർ വിദേശത്ത് നിന്നുമാണ് വന്നത്. രോഗം സ്ഥിരീകരിച്ച 48 വയസുള്ള കുറ്റിയാടി സ്വദേശി മേയ് 14ന് ചെന്നൈയിൽ നിന്ന് സ്വന്തം വാഹനത്തിലാണ് നാട്ടിലെത്തിയത്. തുടർന്ന് നിരീക്ഷണത്തിലായിരുന്നു. മേയ് 29നാണ് രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി.

48 വയസുള്ള ഏറാമല സ്വദേശി ചെന്നൈയിൽ നിന്ന് സ്വന്തം വാഹനത്തിൽ 28 നാണ് കോഴിക്കോട്ടെത്തിയത്. രോഗ ലക്ഷണങ്ങളെ തുടർന്ന്‌ കോഴിക്കോട്ടെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. 64 വയസുള്ള മാവൂർ സ്വദേശി മേയ് 20നാണ് റിയാദിൽ നിന്ന് കണ്ണൂരിലെത്തിയത്. തുടർന്ന് സർക്കാർ വാഹനത്തിൽ കോഴിക്കോട്ടെത്തി മാവൂരിലെ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായി. എന്നാൽ രോഗ ലക്ഷണങ്ങളെ തുടർന്ന് 22ന്‌ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു.

18ന് ഖത്തറിൽ നിന്നെത്തിയ കൊടുവള്ളിയിലെ ഒരു വയസുള്ള കുട്ടി അമ്മയ്‌ക്കൊപ്പം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 28ന്‌ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ - ശിശുസംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സ്രവപരിശോധനയിൽ കൊവിഡ്‌ സ്ഥിരീകരിച്ചു. നാലുപേരുടേയും ആരോഗ്യനില തൃപ്തികരമാണ്.

കൊഴിക്കോട്ടെ കണക്കുകൾ ഇങ്ങനെ

 ഇപ്പോൾ ചികിത്സയിലുള്ളത്- 36 പേർ

 കോഴിക്കോട് മെഡി. കോളേജിലുള്ളത്- 17

 ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലുള്ളത്- 15

 കണ്ണൂരിൽ ചികിത്സയിലുള്ള കോഴിക്കോട്ടുകാർ- മൂന്ന്

 മഹാരാഷ്ട്രക്കാരിയായ വിമാന ജീവനക്കാരി മഞ്ചേരി മെഡി. കോളേജിൽ

 ഇന്ന് പരിശോധനയ്‌ക്ക് അയച്ച സ്രവ സാമ്പിൾ- 181

 ആകെ സ്രവ സാമ്പിളുകൾ- 4736

 ഫലം നെഗറ്റീവായത്- 4433

 ലഭിക്കാനുള്ള ഫലം- 223