കൽപ്പറ്റ: മഴക്കാല പൂർവ്വ പ്രവർത്തനങ്ങളും ഡാമിലെ അധികജലം ഒഴുക്കി വിടുന്നതും ജില്ലയിൽ വെളളപ്പൊക്കത്തിന് കാരണമാകില്ലെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ.ശ്രീധരൻ പറഞ്ഞു.
ബാണാസുര സാഗർ അണക്കെട്ടിന്റെ അടിയന്തരഘട്ട കർമ്മപദ്ധതിയുടെയും മൺസൂൺകാല പ്രവർത്തനങ്ങളുടെയും അവലോകന യോഗത്തിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
ഡാമിന്റെ വൃഷ്ടിപ്രദേശം 61 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. അതേസമയം കബനി നദിയുടെ ജില്ലയിലെ വൃഷ്ടിപ്രദേശം ഏകദേശം 1930 സ്‌ക്വയർ കിലോ മീറ്ററാണ്. സംസ്ഥാനാതിർത്തി ലെവലും ബാണാസുര സാഗർ അണക്കെട്ടിന്റെ ബെഡ് ലെവലും തമ്മിൽ 16.27 മീറ്റർ വ്യത്യാസം മാത്രമാണുളളത്. ഇതുകാരണം പുഴയ്ക്ക് വേഗത്തിൽ ഒഴുകാൻ വേണ്ട ചരിവ് ലഭിക്കുന്നില്ല. ഇതാണ് വെളളം കെട്ടിനിൽക്കാനുളള പ്രധാന കാരണം.
കബനി നദിയിലെ എഫ്.ആർ.എൽ ൽ വെളളം കെട്ടിനിൽക്കുമ്പോൾ സാഹചര്യം കൂടുതൽ മോശമാകും. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തിന് പുറത്ത് കിടക്കുന്ന വലിയ പ്രദേശത്ത് പെയ്യുന്ന മഴയാണ് യഥാർത്ഥത്തിൽ വെളളപ്പൊക്കം സൃഷ്ടിക്കുന്നത്. 2019 ൽ ബാണാസുരയിൽ 515 എം.എം മഴ പെയ്ത ദിവസം ജില്ലയിൽ വെളളപ്പൊക്കം ഉണ്ടായിരുന്നു. എന്നാൽ അന്ന് ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നില്ലെന്നും എക്സിക്യൂട്ടീവ് എഞ്ചിനിയർ പറഞ്ഞു.
ഡാമിന് ഏതെങ്കിലും സാഹചര്യത്തിൽ തകർച്ച നേരിട്ടാൽ രക്ഷാപ്രവർത്തനം നടത്തേണ്ട അടിയന്തരഘട്ട കർമ്മപദ്ധതി എക്സിക്യൂട്ടീവ് എഞ്ചിനിയർ വിശദീകരിച്ചു.
കളക്‌ട്രേറ്റിൽ ചേർന്ന യോഗത്തിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വെളളപ്പൊക്ക ഭീഷണി നേരിടുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റ്മാർ, സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ എന്നിവർക്ക് പുറമേ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ പി.മനോഹരൻ, സബ് എഞ്ചിനിയർ കെ.അനിൽ തുടങ്ങിയവരും പങ്കെടുത്തു.