വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിൽ നീരിക്ഷണത്തിൽ കഴിഞ്ഞവർക്ക് വീട്ടിലേക്ക് മടങ്ങുന്നതിനും വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും നാട്ടിലെത്തുന്നതിനും പ്രത്യേക വാഹനങ്ങൾ അഴിയൂരിൽ തയ്യാറായി. ഡ്രൈവറുടെ ഇടതുവശത്ത് ഇരിക്കാൻ അനുവാദമില്ല. പിറകുവശം വേർതിരിക്കുന്നതിന് ഫൈബർ ഗ്ലാസ് പാർട്ടീഷൻ, വാടക ഗൂഗിൾ പേയിലുടെ, ഓൺലൈൻ ബുക്കിംഗ് എന്നീ സൗകര്യങ്ങൾ ഒരുക്കിയാണ് വാഹന യാത്ര. അഴിയൂർ പഞ്ചായത്തിലെ ദേശീയപാതയിൽ വാഹനം ഇറങ്ങിയാൽ വീട്ടിലെത്താൻ 400 രൂപ വാടക ഈടാക്കും. ബാക്കി സ്ഥലങ്ങളിൽ സർക്കാർ നിശ്ചയിച്ച വാടക. രാത്രി കാലങ്ങളിലും സേവനം ലഭിക്കും. ഇന്നോവ, ഇത്തിയോസ്, എർട്ടിഗ എന്നീ വാഹനങ്ങളാണ് രൂപ മാറ്റം വരുത്തി ആർ.ടി.ഒയുടെ സഹായത്തോടെ കൊവിഡ് കാലത്തെ സമ്പർക്ക സാധ്യത പൂർണ്ണമായും ഒഴിവാക്കിയുള്ള യാത്രയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. സേവനങ്ങൾ നൽകുന്ന വാഹനങ്ങൾക്ക് പഞ്ചായത്ത് സ്റ്റിക്കർ അനുവദിച്ചിട്ടുണ്ട്. ആംബുലൻസിന്റെ ലഭ്യത കുറവും ഡ്രൈവർമാർ നീരീക്ഷണത്തിൽ പോകേണ്ടി വരുന്നതിനാലുമാണ് പുതിയ സംവിധാനം ഒരുക്കാൻ പഞ്ചായത്ത് തയ്യാറായത്. പഞ്ചായത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ പ്രസിഡന്റ് വി.പി.ജയൻ, സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, കെ.പി.ഫർസൽ, എം.കെ. ഷംസുദ്ധീൻ, ഫിറോസ് കുഞ്ഞിപ്പള്ളി എന്നിവർ പ്രസംഗിച്ചു.