money

കോഴിക്കോട്: 'സുഭിക്ഷ കേരളം" പദ്ധതിയുടെ ഭാഗമായി ജൈവഗൃഹ സംയോജിത കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് ജില്ലയിലെ കർഷകരിൽ നിന്ന് അപേക്ഷ ക്ഷണച്ചു. കാർഷിക വിളകൾക്കൊപ്പം മൃഗപരിപാലനം, കോഴി, മത്സ്യം, താറാവ്, തേനീച്ച വളർത്തൽ എന്നിവയെല്ലാം ഉൾപ്പെടുത്തി കർഷകന് കുറഞ്ഞ ഭൂമിയിൽ നിന്ന് പരമാവധി ആദായം ഉറപ്പാക്കുന്നതാണ് പദ്ധതി. 900 കർഷക കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
നിലവിലുള്ള യൂണിറ്റുകളുടെ പരിപോഷണത്തിനും പുതിയ സംയോജിത കൃഷിയൂണിറ്റുകൾ സ്ഥാപിക്കാനും ധനസഹായം നൽകും. അഞ്ചു സെന്റ് കൃഷിയിടമുള്ള കർഷകർക്ക് പദ്ധതിയുടെ ഗുണഭോക്താവാകാം. ഫാം പ്ലാൻ അനുസരിച്ച് കുറഞ്ഞത് അഞ്ച് സംരംഭങ്ങളെങ്കിലും തുടങ്ങണം.

കൃഷിയിടത്തിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി അഞ്ച് മുതൽ 30 സെന്റ് വരെയുള്ളവർക്ക് 30,000 രൂപവരെയും, 31 മുതൽ 40 സെന്റ് വരെയുള്ളവർക്ക് 40,000 രൂപ വരെയും, 40 സെന്റ് മുതൽ രണ്ട് ഹെക്ടർ വരെയുളളവർക്ക് 50,000 രൂപവരെയും ലഭിക്കും.
സ്വന്തമായി കുറഞ്ഞത് അഞ്ച് സെന്റ് ഭൂമിയുള്ളവരും മറ്റ് കൃഷികളായ വാഴ, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ മുതലായവ വാടക ഭൂമിയിലോ കുടുംബാംഗങ്ങളുടെ ഭൂമിയിലോ കൃഷി ചെയ്യുന്നവർക്കും പദ്ധതി ഗുണഭോക്താവാകാം. ജൂൺ അഞ്ചിനകം കൃഷിഭവനുകളിൽ അപേക്ഷ നൽകണം. കുടൂതൽ വിവരങ്ങൾക്ക് ആത്മ ജില്ലാ ഓഫീസുമായോ കൃഷി ഭവനുകളുമായോ ബന്ധപ്പെടണം. ഫോൺ: 0495 2378997, 9383471998.