മാനന്തവാടി: ജില്ലയിലെ കൊവിഡ് ആശുപത്രിയായി തുടരുന്ന ജില്ലാ ആശുപത്രിയിൽ ലക്ഷങ്ങളുടെ ഉപകരണങ്ങൾ ഉപയോഗിക്കാതെ തുരുമ്പെടുത്ത് നശിക്കുന്നു. ആശുപത്രി പ്രവർത്തനങ്ങൾ പൂർണ്ണമായും കഴിഞ്ഞ രണ്ട് മാസത്തോളമായി നിലച്ചതിനെതുടർന്നാണ് പല ഉപകരണങ്ങളും നശിക്കുന്നത്. ഇന്റൻസീവ് കെയർ യൂണിറ്റ്, സർജറി വാർഡ്,ലേബർ വാർഡ്, ഓപ്പറേഷൻ തിയ്യറ്റർ എന്നിവിടങ്ങളിലെ ഉപകരണങ്ങളാണ് മാസങ്ങളായി പ്രവർത്തിക്കാത്തത് കാരണം നാശത്തിലേക്ക് നീങ്ങുന്നത്.

ഓപ്പറേഷൻ കോട്ട്, വെന്റിലേറ്ററുകൾ, ഇൻകുബേറ്റർ, ഫ്രീസറുകൾ, സ്‌കാനിംഗ് മെ ഷിനറികൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ വെച്ചാൽ പിന്നീട് പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് വിദഗ്ദർ പറയുന്നു.

ഇതിന് പുറമെ ഫാർമസികളിലുള്ള ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളും കാലവധി പൂർത്തിയാവുകയാണ്. ഹൃദ്രോഗം,അസ്ഥിരോഗം,മനോരോഗം,ഇ എൻ ടി,ദന്തരോഗം,നേത്രരോഗം തുടങ്ങിയവയൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഈവിഭാഗങ്ങളിലേക്കുള്ള മരുന്നുകൾ ഫാർമസിയിൽ കെട്ടിക്കിടക്കുകയാണ്. അതേസമയം രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലുമാണ്.
ജില്ലാ ആശുപത്രിയിലും ജില്ലയിലെ മറ്റ് ആശുപത്രികളിലും അസ്ഥിരോഗ ചികിത്സയില്ലാത്തതിനാൽ ചെറിയ അപകട കേസുകൾ പോലും കോഴിക്കോട്ടേക്ക് റഫർ ചെയ്യുകയാണ്.

മാർച്ച് അവസാന വാരമാണ് ജില്ലാ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കി മാറ്റി മറ്റ് ചികിത്സകൾ നിർത്തിലാക്കിയത്.

150 രോഗികളെ വരെ ഒരേസമയം താമസിപ്പിക്കാവുന്ന ന്യൂ ബ്ലോക്കിൽ കൊവിഡ് രോഗികൾക്ക് മാത്രമായി സൗകര്യമൊരുക്കി മറ്റ് കെട്ടിടങ്ങൾ പതിവ് പോലെ രോഗികൾക്കായി തുറക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.