ഗൂഡല്ലൂർ: തമിഴ്നാട്ടിലെ ഈഴവ - തീയ്യ സമുദായങ്ങളെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സർക്കാർ അഡീഷണൽ ചീഫ് സെക്രട്ടറി അതുല്യ മിശ്രയുടെ അദ്ധ്യക്ഷതയിൽ കമ്മീഷനെ നിയോഗിച്ചു. അറുപത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.1976 വരെ പിന്നാക്ക പട്ടികയിലായിരുന്നു ഈഴവ- തീയ്യ സമുദായങ്ങൾ. തിരുവിതാംകൂർ-തിരുകൊച്ചി സംസ്ഥാനങ്ങളുടെ ഭാഗമായിരുന്ന കന്യാകുമാരി,ചെങ്കോട്ട പ്രദേശങ്ങളൊഴിച്ച് മലബാർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന അന്നത്തെ ഗൂഡല്ലൂർ താലൂക്ക് ഉൾപ്പെടെ തമിഴ്നാട്ടിലെ മറ്റ് പ്രദേശങ്ങളിലുള്ളവരുടെ സംവരണം തടയുകയായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറിയവരും സാമ്പത്തികവും സാമൂഹികവുമായ വളർച്ച പ്രാപിച്ചവരുമാണെന്ന കാരണം പറഞ്ഞാണ് സംവരണം തടഞ്ഞത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിന് മുമ്പേ ഇവിടുത്തെ താമസക്കാർ തന്നെയാണ് ഈഴവ - തീയ്യ വിഭാഗം എന്നും, കേരളം, ആന്ധ്ര, ഡെൽഹി, പോണ്ടിച്ചേരി, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ സംവരണം നൽകുന്നുണ്ടെന്നും വിവിധ സംഘടനകൾ സർക്കാരിനെ രേഖാമൂലം അറിയിക്കുകയുണ്ടായി.
കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈഴവ- തീയ്യസേവ സമാജം സംവരണം ആവശ്യപ്പെട്ട് ദീർഘകാലമായി തമിഴ്നാട് സർക്കാരിൽ സമ്മർദ്ദം ചെലുത്തിവരുകയാണ്. ഇതേ ആവശ്യം ഉന്നയിച്ച് പന്തല്ലൂർ ആസ്ഥാനമായി എസ്.എൻ.ഡി.പി നീലഗിരി യൂണിയൻ ചെന്നൈ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. ഇതിന്റെ വിചാരണ നടന്നുവരികയാണ്.

മുൻ മുഖ്യമന്ത്രി ജയലളിത ഈഴവ- തീയ്യ വിഭാഗങ്ങൾക്ക് സംവരണം പുനഃസ്ഥാപിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. മൺമറഞ്ഞ തങ്ങളുടെ നേതാവിന്റെ വാഗ്ദാനം നിറവേറ്റുന്നതിന്‌ വേണ്ടിയുള്ള മന്ത്രി എസ്.പി.വേലുമണിയുടെ പരിശ്രമമാണ് തമിഴ്നാട് സർക്കാർ ഈ വിഷയം അടിയന്തരമായി പരിഗണിക്കാൻ തീരുമാനിച്ചതെന്ന് അറിയുന്നു.