ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ മേയ് 31 ലോക പുകയില വിരുദ്ധ
ദിനമായി ആചരിക്കുന്നു. പുകയില ഉത്പന്നങ്ങളുടെ വിപത്തുകളെപ്പറ്റി ജനങ്ങളെ
ബോധവാന്മാരാക്കുക, പുകയില ഉത്പാദനവും ഉപയോഗവും നിയന്ത്രിക്കുക
എന്നിവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 'പുകയിലയുടെ ഉപയോഗത്തിൽ നിന്നും പുകയില വ്യവസായ ശൃംഖലയുടെ ചൂഷണങ്ങളിൽ നിന്നും യുവജനങ്ങളെ സംരക്ഷിക്കുക' എന്ന പ്രമേയത്തിൽ ഊന്നിയാണ് ഈ വർഷത്തെ പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്.
പുകവലി മൂലം ഓരോ വർഷവും ലോകത്തിൽ 80 ലക്ഷം ആളുകളാണ് മരിക്കുന്നത്. ശ്വാസകോശ കാൻസറിന്റെ 80 ശതമാനവും പുകവലിയിലൂടെ ഉണ്ടാകുന്നതാണ്. സ്ഥിരമായി
പുകവലിക്കുന്നവരിൽ കാണപ്പെടുന്ന വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, കിതപ്പ്
എന്നിവ സി.ഒ.പി.ഡി (ക്രോണിക് ഒബ്‌സ്ട്ര‌ക്ടീവ് പൾമനറി ഡിസീസ്)യുടെ
ലക്ഷണങ്ങളാകാം. പുകവലിക്കുന്നവരിൽ ആസ്തമ തുടങ്ങിയ അസുഖങ്ങളും ഹൃദ്രോഗ സാധ്യതയും കൂടുതലായി കാണപ്പെടുന്നു. സിഗരറ്റ് എരിയുന്നതിൽ നിന്ന് വരുന്ന പുകയും പുകവലിക്കുന്നയാൾ പുറത്തേക്ക് വിടുന്ന പുകയും സെക്കൻഡ് ഹാൻഡ് സ്‌മോക്ക് ചെയ്യുന്ന ആളുകൾക്ക്
പ്രത്യേകിച്ച് കുട്ടികളിലും ഗർഭിണികളിലും പുകവലിയുടെ എല്ലാ ദോഷങ്ങളും ഉണ്ടാകും. ഈ പുക ശ്വസിച്ച് ഒരു വർഷം 10 ലക്ഷം പേർ മരിക്കുന്നതായാണ് കണക്ക്.

ഇന്ന് ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊവിഡ് വൈറസ്
പുകവലിക്കാരിൽ തീവ്രമായ രോഗ ലക്ഷണങ്ങളാണ് ഉണ്ടാക്കുന്നത്.
പുകവലി ഉപേക്ഷിക്കുക എന്നത് ഈ ശീലത്തിന് അടിമപ്പെട്ട ഏതൊരാൾക്കും
സ്വീകരിക്കാവുന്ന ആരോഗ്യപരമായ തീരുമാനമാണ്. അതിന് സഹായിക്കുന്ന
ക്ലാസുകളും, കൗൺസിലിംഗ് സെഷനുകളും ഹോസ്പിറ്റലുകളിൽ ലഭ്യമാണ്.
സ്ഥിരമായി പുകവലിക്കുന്നവർ പെട്ടെന്ന് പുകവലി നിർത്തുമ്പോൾ ചെറിയ തോതിലുള്ള
ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുക സ്വാഭാവികമാണ്. തലവേദന, വിയർപ്പ്,
ഉറക്കക്കുറവ്, ദേഷ്യം, വിശപ്പ് കൂടുതൽ എന്നിവയാണ് അവയിൽ ചിലത്. അതിനാൽ
പുകവലിയുടെ എണ്ണം ഘട്ടംഘട്ടമായി കുറയ്ക്കുന്നതാണ് അഭികാമ്യം.

ഡോ. മധു കല്ലത്ത് ആൻഡ് ഡോ. ഷോൺ പി ജെയിംസ്
ഡിപ്പാർട്ട്‌മെന്റ് ഓഫ് പൾമനോളജി
മേയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്‌