സുൽത്താൻ ബത്തേരി: വയനാട്ടിലെ ആദ്യ ഹൈടെക് റോഡിന്റെ നിർമ്മാണം സുൽത്താൻ ബത്തേരി നഗരസഭ പരിധിയിൽ പൂർത്തീകരിച്ചുവരുന്നു. കുപ്പാടി- മന്തൊണ്ടിക്കുന്ന് റോഡിലാണ് അത്യാധുനിക രീതിയിലുള്ള നിർമ്മാണം നടക്കുന്നത്. കുപ്പാടിയിൽ നിന്നാരംഭിച്ച് പൂളവയൽ വഴി മന്തൊണ്ടിക്കുന്ന് മൈസൂർ ദേശീയപാതയിൽ ചെന്ന്‌ചേരുന്നതാണ് റോഡ്.
സുൽത്താൻ ബത്തേരി നഗരസഭ ലാഡർ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് നിലവിലുണ്ടായിരുന്ന റോഡ് അത്യാധുനിക രീതിയിൽ പുനർനിർമ്മിച്ച് നൽകുന്നത് പതിനൊന്ന് കോടി രൂപ മുതൽ മുടക്കിലാണ് റോഡ് നിർമ്മാണം. എട്ട് മീറ്റർ വീതിയും 2.400 മീറ്റർ ദൂരവുമാണ്. മഴവെള്ളം കുത്തിയൊലിച്ചാലും റോഡിന് നാശം സംഭവിക്കാത്ത രീതിയിലുള്ള ആധുനിക ഡ്രൈനേജ് സംവിധാനമാണ്. നിലവിലുണ്ടായിരുന്ന കയറ്റങ്ങൾ കുറച്ചാണ് ടാറിംഗ്. ബിറ്റുമിനസ് മെക്കാടം ആൻഡ് ബിറ്റുമിനസ് കോൺക്രീറ്റ് രീതിയിലാണ് നിർമ്മാണം നടക്കുന്നത്. 5.50 മീറ്റർ വീതിയിലാണ് ടാറിംഗ് പ്രവൃത്തി.
കുപ്പാടി മുതൽ പൂളവയൽ വരെ ഇന്റർലോക്കോടുകൂടിയ നടപ്പാതയും വഴിയാത്രക്കാരുടെ സംരക്ഷണത്തിനായി പൂളവയൽ മുതൽ ലാഡർ റിസോർട്ട് വരെ വയൽ ഭാഗത്ത് റോഡിന്റെ ഇരുവശത്തും ബ്രോക്കൺ പാരപ്പറ്റും നിർമ്മിച്ചിട്ടുണ്ട്. കൂടാതെ ഓരോ 20 മീറ്ററിലുമായി 140-ഓളം എൽ.ഇ.ഡി. സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കുന്നതിനാവശ്യമായ പ്രവൃത്തികളും തുടങ്ങി . ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് നിർമ്മാണ പ്രവർത്തി നടത്തുന്നത്. മൈസൂർ റോഡിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന വഴികൂടിയാണിത്.
ടാറിംഗ് പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.എൽ.സാബു നിർവ്വഹിച്ചു. ഡെപ്യുട്ടി ചെയർപേഴ്സൺ ജിഷ ഷാജി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.കെ. സഹദേവൻ കൗൺസിലർ റിനുജോൺ, ലാഡർ ഡയറക്ടർ വി.എസ്. വൽസരാജ് എന്നിവർ സംസാരിച്ചു.
ഫോട്ടോ
ഹൈടെക് റോഡിന്റെ നിർമ്മാണം കുപ്പാടി ഭാഗത്ത് നടക്കുന്നു.