പേരാമ്പ്ര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ കരിങ്കല്ല് ചുമന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. നൊച്ചാട് വെസ്റ്റ് മേഖലാ കമ്മിറ്റിയിലെ പ്രവർത്തകരാണ് ക്വാറികളിൽ കരിങ്കല്ല് ചുമന്ന് തുക സമാഹരിച്ചത്. നൊച്ചാടുള്ള പാറക്കൽ, കല്ലാക്കണ്ടി എന്നീ രണ്ട് ക്വാറികളിലാണ് 30 പേരടങ്ങിയ സംഘം ജോലിക്കിറങ്ങിയത്. ദുരിതാശ്വാസത്തിന് പണം കണ്ടെത്താനാണെന്ന് അറിഞ്ഞതോടെ സി.ഐ.ടി.യു തൊഴിലാളികളും ഇവർക്കൊപ്പം ചേർന്നു. രണ്ട് ലോറികളിലായി 118 ലോഡ് കരിങ്കല്ലാണ് ഇവർ കയറ്റിയത്. വലിയ ലോറിക്ക് 800 രൂപയും ചെറിയ ലോറിക്ക് 510 രൂപയുമാണ് കൂലി. മൊത്തം ലഭിച്ച 73,350 രൂപയിൽ ഹിറ്റാച്ചിയുടെ വാടക കഴിച്ച് 60,180 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഡി.വൈ.എഫ്.ഐ നൊച്ചാട് വെസ്റ്റ് മേഖലാ കമ്മിറ്റി ഭാരവാഹികളായ എൻ.പി.ഷിജു, പി.കെ.ബിനോഷ്, ജി.എസ്.കണ്ണദാസ്, എൻ.കെ.അഖിൽ, ഡി.എം.സുധീഷ് എന്നിവർ നേതൃത്വം നൽകി.