crime

താനൂർ: താനൂരിൽ സുഹൃത്തുക്കളായ മദ്യപ സംഘം തമ്മിലുണ്ടായ കത്തിക്കുത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തിരൂർ പുല്ലൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തലക്കടത്തൂർ അരീക്കാട് ചട്ടിക്കൽ വീട്ടിൽ ശിഹാബുദ്ധീനാണ് (29) ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. നെഞ്ചിനും വാരിയെല്ലിനുമായിരുന്നു കുത്തേറ്റത്. ഇയാൾക്കൊപ്പം കുത്തേറ്റ തിരൂർ ബി.പി അങ്ങാടി താവളംപറമ്പിൽ മുഹമ്മദ് അഹ്സൽ (21) ഗുരുതര പരിക്കുകളോടെ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി കേസുകളിൽ പ്രതികളായ താനൂർ ചീരാൻ കടപ്പുറം അരയന്റെ പുരക്കൽ സുഫിയാൻ, താനൂർ തയ്യാല കീരിയാറ്റിൽ രാഹുൽ എന്നിവർക്കൊപ്പം കൂട്ടംകൂടി മദ്യപിക്കുന്നതിനിടെയായിരുന്നു സംഭവം. വാക്കുതർക്കത്തിനിടെ സൂഫിയാനും, രാഹുലും ചേർന്ന് ശിഹാബുദ്ദീനെയും മുഹമ്മദ് അഹ്സലിനേയും കുത്തിവീഴ്‌ത്തുകയായിരുന്നു.

താനൂർ പാലക്കുറ്റിയഴി റെയിൽവേ ഓവുപാലത്തിന് അടിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഇവിടം ലഹരി മാഫിയയുടെ കേന്ദ്രമാണ്. തിരൂരിൽ നിന്ന് മദ്യം വാങ്ങിയ ശേഷമാണ് ഇവർ ഒത്തുകൂടിയത്. ശിഹാബുദ്ദീനെതിരെ വാഹന മോഷണം, കവർച്ച തുടങ്ങിയവയ്‌ക്ക് കേസുകളുണ്ടെന്ന് താനൂർ സി.ഐ പ്രമോദ് പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിൽ.