കുന്ദമംഗലം: പടനിലം ഗവ.എൽ.പി സ്കൂൾ പ്രധാനാദ്ധ്യാപകൻ സി.കെ. സിദ്ധിഖ് മാസ്റ്റർ വിരമിക്കുന്നത് നിറഞ്ഞ അഭിമാനത്തോടെ. ഇല്ലായ്മകളുടെ നടുവിൽ പെട്ട് ഉഴലുകയായിരുന്ന പടനിലം സർക്കാർ എൽ.പി സ്‌കൂളിലേക്ക് 2016 ജൂൺ ഒന്നിനാണ് പ്രധാനാദ്ധ്യാപകനായി സിദ്ധിഖ് മാസ്റ്റർ എത്തുന്നത്. കുന്ദമംഗലം പഞ്ചായത്തിലെ ഏക സർക്കാർ സ്‌കൂളിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് സിദ്ധീഖ് മാഷിന്റെ നിരന്തരമായ ഇടപെടലിലൂടെയാണ്. വിരമിച്ചാലും ഒരു വർഷം കൂടി പടനിലം സ്‌കൂളിൽ എത്താനാണ് മാഷിന്റെ തീരുമാനം. 1983ൽ ടി.ടി.സി പാസായി മുക്കം ഓർഫനേജ് സ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സിദ്ധീഖ് മാസ്റ്റർ പടനിലത്തെത്തുമ്പോൾ വിദ്യാർഥികൾക്ക് പഠിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. ജോലിയിൽ പ്രവേശിച്ച ദിവസം തന്നെ സിദ്ധീഖ് മാഷ് കുന്ദമംഗലം പഞ്ചായത്ത് അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. സ്‌കൂൾ നവീകരണത്തിന് ഫണ്ട് നൽകണമെന്നാവശ്യപ്പെട്ട് പി.ടി.എ റഹീം എം.എൽ.എയെ സമീപിച്ചു. സ്‌കൂളിന് സമീപമായി 12 സെന്റ് സ്ഥലം കണ്ടെത്തി. നാട്ടുകാരിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച 12 ലക്ഷം രൂപയും പഞ്ചായത്ത് അനുവദിച്ച 19 ലക്ഷം രൂപയും ചേർത്ത് 2017 നവംബർ 24 ന് സ്ഥലം സ്വന്തമാക്കി. 2019 ജനുവരി 29ന് മന്ത്രി ടി.പി രാമകൃഷ്‌ണൻ കെട്ടിട ശിലാസ്ഥാപനം നടത്തി. എം.എൽ.എ അനുവദിച്ച 87 ലക്ഷം രൂപ ഉപയോഗപ്പെടുത്തി നിർമ്മിച്ച കെട്ടിടം നവംബർ 30ന് മന്ത്രി എ.സി.മൊയ്‌തീൻ ഉദ്ഘാടനം ചെയ്തു. ഇങ്ങിനെ പോകുന്നു മാഷിന്റെ സേവനം. പറയുവാൻ ഏറെയുണ്ടെങ്കിലും പടനിലത്തുകാരുടെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തോടെ പടിയിറങ്ങുകയാണ് സിദ്ധീഖ് മാഷ്.