നാദാപുരം: വിവരങ്ങൾ മറച്ചു വയ്‌ക്കുന്നതു കാരണം കൊവിഡ് സ്ഥിരീകരിച്ച തൂണേരി കോടഞ്ചേരിയിലെ യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കൻ ദുഷ്‌കരമാകുന്നു. തലശ്ശേരി മാർക്കറ്റിൽ നിന്നെടുക്കുന്ന മത്സ്യം കക്കട്ട് വരെയുള്ള മാർക്കറ്റുകളിൽ മൊത്തമായി എത്തിക്കുന്നത് ഇയാളാണ്. അതിനാൽ മാർക്കറ്റിലുള്ളവരുമായും പുറത്ത് നിന്നുള്ളവരുമായും വിപുലമായ ബന്ധങ്ങളുണ്ട്.
ജോലിയ്‌ക്ക് ശേഷവും മറ്റുള്ളവരുമായി അടുത്ത ബന്ധം പുലർത്തുന്ന ശീലം ഇയാൾക്കുണ്ട്. കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിലും സ്രവ പരിശോധനക്കായി സാമ്പിൾ കൊടുത്തതിനു ശേഷവും ഇയാൾക്ക് വളയം, വാണിമേൽ, പുറമേരി, തൂണേരി നരിപ്പറ്റ എന്നിവിടങ്ങളിലെ ആളുകളുമായി അടുത്ത് ഇടപഴകിയിട്ടുണ്ട്. ഇക്കാലയളവിൽ ഇയാൾ ബന്ധപ്പെ സ്ഥലങ്ങളെപ്പറ്റിയും ആളുകളെപ്പറ്റിയും വ്യക്തമായ വിവരം നൽകാത്തത് ആരോഗ്യ വകുപ്പിനെ കുഴയ്‌ക്കുകയാണ്.
ഇയാളുടെ സമ്പർക്ക പട്ടികയിലുള്ള വളയം, നാദാപുരം, പുറമേരി ഗ്രാമപഞ്ചായത്തിലുൾപ്പെട്ട 42 പേരുടെ സ്രവം പരിശോധിക്കാൻ അയച്ചു.. ലിസ്റ്റിലുൾപ്പെട്ട തൂണേരി ഗ്രാമ പഞ്ചായത്തിലെ 25 പേരുടെ സ്രവം ഇന്ന് പരിശോധിക്കും.