 പഠനം ഇനി വീട്ടിലിരുന്ന്

 10ന് ഫസ്റ്റ് ബെൽ

കോഴിക്കോട്: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിനിടെ, പുതിയ അദ്ധ്യയനവർഷത്തിന് ഇന്ന് തുടക്കമിടുമ്പോൾ പതിവുരീതികൾ പാടെ ഒഴിഞ്ഞുനീങ്ങും. പുത്തൻ യൂണിഫോമും ബാഗും കുടയുമെല്ലാമായി സ്കൂളിലേക്ക് കടന്നെത്തുന്ന കുട്ടിക്കൂട്ടത്തിന്റെ കാഴ്ച ഇത്തവണയില്ല. നല്ല പാഠം പറഞ്ഞു നൽകാൻ അദ്ധ്യാപകരും നേരിട്ട് ക്ലാസ് മുറിയിൽ കാണില്ല. പക്ഷേ, പകിട്ടില്ലെങ്കിലും പ്രവേശനോത്സവമുണ്ടാകും. ഫസ്റ്റ് ബെൽ പത്തിനു തന്നെ മുഴങ്ങുന്നതോടെ ഓൺലൈൻ ക്ലാസ് മുറികൾ ഉണരും. കുറഞ്ഞ കാലത്തേക്കെങ്കിലും ഇനി അധ്യയനവും അദ്ധാപകരുടെ വിലയിരുത്തലുമൊക്കെ ഓൺലൈനിൽ തന്നെ.

ജില്ലയിൽ ഇതിനുള്ള ഒരുക്കങ്ങൾ കഴിഞ്ഞ ദിവസത്തോടെ ഏതാണ്ട് പൂർത്തിയായിരുന്നു. ഓൺലൈൻ പരിശീലനത്തിന്റെ സംഘാടനം, ഏകോപനം, മോണിറ്ററിംഗ് എന്നിവയ്ക്കായി ജില്ലാതലം മുതൽ സ്‌കൂൾതലം വരെ വിവിധ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഓരോ വിദ്യാലയവും ഓൺലൈൻ പരിശീലനത്തിന്റെ ഫലപ്രാപ്തി ഉറപ്പാക്കാൻ പഠനത്തെളിവുകൾ ശേഖരിക്കും. കുട്ടികളുടെ പുരോഗതി നിരന്തരം വിലയിരുത്തുന്നതിനുള്ള ഉപാധികളുണ്ടാവും. വായനയ്ക്ക് പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ വിദ്യാലയതലത്തിൽ സംവിധാനമൊരുക്കും.

ഓരോ ക്ലാസിലെയും വിവിധ വിഷയങ്ങളുടെ പാഠഭാഗങ്ങൾ നിശ്ചിതസമയക്രമത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ടെലിവിഷൻ ചാനലായ വിക്ടേഴ്‌സിലെന്ന പോലെ ഓൺലൈൻ സംവിധാനങ്ങളിലൂടെയും സംപ്രേഷണം ചെയ്യും. കുട്ടികൾക്ക് വീട്ടിലിരുന്ന് അത് ശ്രദ്ധിക്കാം. വീഡിയോ രൂപത്തിൽ വിദഗ്ദ്ധരുടെ ക്ലാസുകൾ സംബന്ധിച്ച ചർച്ചയും സംശയദൂരീകരണവും ഓരോ ക്ലാസിലെയും വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള വാട്‌സ് ആപ് ഗ്രൂപ്പുകളിൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കും.

പ്രീ സ്‌കൂൾ, പ്രൈമറി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ മാതൃകാ ഓൺലൈൻ വിഭവങ്ങൾ സമഗ്രശിക്ഷാ, ഡയറ്റ്, ജില്ലാ പഞ്ചായത്ത് എഡ്യൂ കെയർ വിഭാഗങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. വിദഗ്ദ്ധ അദ്ധ്യാപകരുടെ സേവനം പ്രയോജനപ്പെത്തി ഓരോ പാഠഭാഗത്തിലെയും ഓൺലൈൻ സാദ്ധ്യതകൾ കണ്ടെത്തി വ്യക്തമായ കർമ്മപദ്ധതി തയ്യാറാക്കും.

പ്രവേശനോത്സവം

രാവിലെ 10ന് ഓൺ ലൈൻ പ്രവേശനോത്സവം ജില്ലാ വിദ്യാഭ്യാസ മേധാവികൾ, സ്‌കൂൾ പ്രിൻസിപ്പൽ, പ്രധാനാദ്ധ്യാപകർ, പി.ടി.എ, എം.പി.ടി.എ, ജനപ്രതിനിധികൾ, അതത് ക്ലാസിലെ അദ്ധ്യാപകർ എന്നിവരുടെ ആശംസാസന്ദേശത്തോടെയാണ് ആരംഭിക്കുക.

വിക്ടേഴ്‌സ് ചാനലിലെ പ്രത്യേക പഠന ക്ലാസ്സുകൾക്കൊപ്പം ജില്ലയിൽ ഓരോ ക്ലാസുകളിലെയും അദ്ധ്യാപകരുടെ ഇടപെടൽ കൂടിയുണ്ടാവും.

 ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനയുണ്ടാവും. ഇവർക്കായി ഓൺലൈൻ പിന്തുണാ സംവിധാനങ്ങൾ ഒരുക്കുന്നതിന് റിസോഴ്‌സ് അദ്ധ്യാപകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

1. ഇന്നും നാളെയും സൂക്ഷ്മതല ആസൂത്രണം

2. ടി.വി, സ്മാർട്ട്‌ ഫോൺ ഇല്ലാത്തവർക്ക് ബദൽസൗകര്യം

3. ബി.ആർ.സി തലത്തിലും പ്രാദേശിക പഠനകേന്ദ്രം

4. അവലോകന യോഗം എല്ലാ ആഴ്ചയും

"പ്രീ സ്‌കൂൾ മുതൽ പ്ലസ് ടു വരെ ഓൺ ലൈൻ ക്ലാസുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. സ്‌കൂളുകൾക്ക് വിശദമായ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുമുണ്ട്."

ഡോ.എ.കെ.അബ്ദുൽ ഹക്കീം ,

സമഗ്രശിക്ഷാ ജില്ലാ കോ ഓർഡിനേറ്റർ