 കൊവിഡ് സ്ഥിരീകരിച്ച കുട്ടിയുടെ അമ്മയ്ക്കും കൊവിഡ്

കോഴിക്കോട്: ജില്ലയിൽ വിദേശത്തു നിന്നെത്തിയ രണ്ടുപേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ചികിത്സയിൽ കഴിയുന്ന ഒരു വയസുകാരിയുടെ അമ്മയ്ക്കും മറ്റൊരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതെസമയം നാല് പേർ രോഗമുക്തി നേടി. കൊവിഡ് ചികിത്സയിലുള്ള ഒരു വയസുകാരിയുടെ അമ്മയായ കൊടുവള്ളി സ്വദേശിനി മേയ് 18ന് ഖത്തറിൽ നിന്ന് കോഴിക്കോട്ടെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മേയ് 30ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധനയിലാണ് 23 വയസുകാരിയായ ഇവർക്ക് രോഗം കണ്ടെത്തിയത്.

36 വയസ്സുള്ള കല്ലാച്ചി നാദാപുരം സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. മേയ് 27 ന് ദുബായിൽ നിന്ന് വിമാനമാർഗം കണ്ണൂരിലെത്തി സർക്കാർ സജ്ജമാക്കിയ വാഹനത്തിൽ വടകര കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മേയ് 29ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മൂന്ന് പേരും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്നു ഒരാളുമാണ് ഇന്നലെ രോഗമുക്തരായത്. കോഴിക്കോട് സ്വദേശികളായ 34 പേർ കൊവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതിൽ 16 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 14 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്ന് പേർ കണ്ണൂരിലും ഒരു വിമാന ജീവനക്കാരി മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.

മൂന്ന് കാസർകോട് സ്വദേശികളും രണ്ട് കണ്ണൂർ സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു തൃശൂർ സ്വദേശിയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരു തൃശൂർ സ്വദേശി എം.വി.ആർ കാൻസർ സെന്ററിലും ചികിത്സയിലുണ്ട്.

ഇന്നലെ 257 സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. പരിശോധനയ്ക്ക് അയച്ച 4993 സ്രവ സാമ്പിളുകളിൽ 4683 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 4600 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 310 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്‌.