കുറ്റ്യാടി: മഴയെത്തിയിട്ടും കുറ്റ്യാടി ടൗണിലെ അഴുക്കുചാലുകൾ വൃത്തിയാക്കാൻ അധികൃതർ എത്തിയില്ല. മഴക്കാല പൂർവ്വ ശുചീകരണം നടത്താത്തതിനാൽ കഴിഞ്ഞ ദിവസം പെയ്ത മഴ വെള്ളം ടൗണിലെ റോഡുകളിൽ കെട്ടിക്കിടക്കുകയാണ്. തൊട്ടിൽപ്പാലം റോഡിലെ അഴുക്കുചാലുകൾ കാടൂമൂടിയ നിലയിലാണ്. ടൗണിലെ അഴുക്കുചാലുകൾ ശുചിയാക്കാത്തതിനാൽ താഴ്ന്നു കിടക്കുന്ന കടകളിലേക്ക് വെള്ളം കയറുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ. കഴിഞ്ഞ വർഷം മഴക്കാലത്ത് ടൗണിലെ കടകളിൽ വെള്ളം കയറി വലിയ നാശനഷ്ടം സംഭവിച്ചിരുന്നു.