കൊടിയത്തൂർ: 38 വർഷത്തെ സേവനത്തിന് ശേഷം ഫാത്തിമ ടീച്ചർ സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിന്റെ പടിയിറങ്ങിയത് നിറഞ്ഞ മനസോടെ.1982 ജൂൺ മാസത്തിൽ പതിനെട്ടാം വയസ്സിലാണ് ഫാത്തിമ ടീച്ചർ പതിനാലാമത്തെ അദ്ധ്യാപികയായി സ്കൂളിലെത്തുന്നത്. ഇന്നത്തെ ഭൗതിക സാഹചര്യങ്ങളൊന്നും ഇല്ലാത്ത കാലത്ത് കഠിന പ്രയത്‌നത്തിലൂടെ സ്കൂളിന്റെ മുഖച്ഛായ മാറ്റിയെടുത്ത് നാടിന്റെ അക്ഷരവിളക്കായ് നിറഞ്ഞ് കത്തുകയായിരുന്നു. ഫാത്തിമ ടീച്ചർ പ്രധാനാദ്ധ്യാപികയായി പ്രവർത്തിച്ച വർഷമാണ് ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയതും ആയിരത്തി ഇരുനൂറിലധികം കുട്ടികൾ പഠനം നടത്തിയതും. ടീച്ചറുടെ വിനയവും ഇടപെടലും കുട്ടികളെ എസ്.കെ.എ.യു.പി സ്‌കൂളിലേക്ക് എത്തിച്ചു. ചേന്ദമംഗല്ലൂർ അമ്പലക്കണ്ടി മുഹമ്മദ് ഹാജിയുടെയും ആയിശക്കുട്ടി ഹജ്ജുമ്മയുടെയും മകളാണ് എ.ഫാത്തിമ ടീച്ചർ. ഭർത്താവ് പാലക്കോട്ട് പറമ്പിൽ ആലി ഹസ്സൻ. സഹ അദ്ധ്യാപിക സലോമി ടീച്ചറും വിരമിച്ചു.