സുന്ദരിപ്പാവയായും കേക്ക്
ബാലുശ്ശേരി: ലോക്ക് ഡൗൺ അവധി വേളയിൽ പലരും ചിത്രംവരയിലും പെയ്ന്റിംഗിലും മുഴുകിയപ്പോൾ തൃപ്ത ധർ കണ്ടെത്തിയത് വേറിട്ട വഴി. നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ മിടുക്കി കേക്ക് നിർമ്മാണത്തിൽ പുത്തൻ പരീക്ഷണങ്ങളുമായി മധുരവിസ്മയം തീർക്കുകയായിരുന്നു.
തൃപ്തയുടെ കൈപ്പുണ്യത്തിൽ സ്വാദിനൊപ്പം കലയും ഇഴുകിച്ചേർന്നപ്പോൾ സുന്ദരിപ്പാവയുടെ രൂപത്തിൽ പോലും കേക്ക് പിറന്നു. ഒന്നിനൊന്ന് വ്യത്യസ്തമായ ഒട്ടേറേ കേക്കുകളാണ് ഈ കുഞ്ഞിക്കൈകളിൽ രൂപം കൊണ്ടത്. പാവയുടെ രൂപത്തിൽ മാത്രമല്ല, തരാതരം പഴങ്ങളായും നക്ഷത്രങ്ങളായും പക്ഷികളായും മൃഗങ്ങളായുമെല്ലാം കേക്ക് തീർക്കുകയായിരുന്നു തൃപ്ത. കേക്കിന് രുചി കൂട്ടാനും മൃദുവാക്കാനും കേടുകൂടാതെ സൂക്ഷിക്കാനും മറ്റുമായി ഉപയോഗിക്കുന്ന ജെല്ലുകളൊന്നും തൊടാറില്ല ഈ വിദ്ഗ്ദ. സ്വാദിഷ്ടമായ, തനിമയാർന്ന കേക്ക് പൂർത്തിയാക്കുമ്പോൾ മാത്രമാണ് തൃപ്തയ്ക്ക് തൃപ്തിയാവുന്നത്.
പൈനാപ്പിൾ, ആപ്പിൾ, പപ്പായ, പഴം, ഈന്തപ്പഴം, കാരറ്റ്, വാനില തുടങ്ങി പലതരം പഴവർഗ്ഗങ്ങളുടെ ചാറും മൈദയും വെണ്ണയും മുട്ട, പാൽ, ചോക്ലേറ്റ്, ഫ്രഷ് ക്രീം, ബദാം, അണ്ടിപ്പരിപ്പ് ഉൾപ്പെടെ നീളുന്നു ചേരുവകളുടെ പട്ടിക. സുൽത്താന, ചോക്കളേറ്റ്, വാനില, ബട്ടർ ഐസിംഗ്, ബട്ടർ സ്കോച്ച്, കരാമൽ, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ് തുടങ്ങി പലതരം ഇനങ്ങളുണ്ടാക്കിയിട്ടുണ്ട് ഇതിനകം.
ബാലുശ്ശേരി പൊന്നരം തെരുവിലെ റൊക്കം ഗോവിന്ദ് നിവാസിൽ ഗിരിധരന്റെയും ഷീബയുടെയും മകളാണ് തൃപ്ത. യാദൃച്ഛികമായി യുട്യൂബിൽ നിന്നാണ് കേക്ക് നിർമ്മാണത്തിന്റെ ആശയം തലയിൽ കയറുന്നത്. പിന്നെ ലോക്ക് ഡൗൺ കാലം തൃപ്തയ്ക്ക് കേക്ക് നിർമ്മാണത്തിലെ ഗവേഷണം തന്നെയായി. മകളുടെ താത്പര്യവും കലാവാസനയും കണ്ടറിഞ്ഞ് അച്ഛനും അമ്മയും പൂർണപിന്തുണയേകി. സഹോദരി ഐശ്വര്യ ധറും ഒപ്പം നിന്നു. പിന്നെ
കേക്കുകളുടെ പരമ്പര തന്നെയായി.