 12 ലക്ഷം വിദ്യാർത്ഥികൾ അക്ഷരലോകത്തേക്ക്

കോഴിക്കോട്: റംസാൻ അവധി കഴിഞ്ഞ് പുതിയ മദ്രസ അദ്ധ്യയനവർഷത്തിന് ഇന്ന് തുടക്കമാവും. കൊവിഡ് പശ്ചാത്തലത്തിൽ മദ്രസകൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ ഓൺ ലൈൻ വഴിയാണ് പഠനം. സ്‌കൂൾ അധ്യയന വർഷവും മദ്രസ അധ്യയന വർഷവും ഒരുമിച്ച് ആരംഭിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ.

ഇന്ത്യയ്ക്കകത്തും പുറത്തുമായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് 10,004 അംഗീകൃത മദ്രസകളുണ്ട്. ഇന്ന് 12 ലക്ഷം വിദ്യാർത്ഥികളാണ് അക്ഷരലോകത്തേക്ക് കടക്കുന്നത്. ഒന്നു മുതൽ പ്രന്ത്രണ്ട് വരെ മുഴുവൻ വിഷയങ്ങൾക്കും ഓൺലൈൻ ക്ലാസുണ്ടാവും. ദിവസവും രാവിലെ 7.30 മുതൽ 9 മണിവരെയാണ് പഠനസമയം. വെള്ളിയാഴ്ച ക്ലാസുണ്ടാവില്ല. രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിലാണ് കുട്ടികളുടെ പഠനം നടക്കുക.

സമസ്ത ഓൺലൈൻ ചാനൽ വഴിയുള്ള പഠനത്തിന് കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, ടാബ്, മൊബൈൽ എന്നിവയിൽ ലഭ്യമായ സംവിധാനം ഉപയോഗപ്പെടുത്താം. മദ്രസ എരിയയിലെ മുഴുവൻ കുട്ടികൾക്കും പഠനസൗകര്യം ഉറപ്പുവരുത്താൻ മദ്രസ കമ്മിറ്റി ഭാരവാഹികൾ സൗകര്യം ചെയ്തിട്ടുണ്ട്. പഠനം കാര്യക്ഷമമാക്കാനും മൂല്യനിർണയത്തിനും മുഅല്ലിംകളുടെ സേവനം ഉപയോഗപ്പെടുത്തും. സമസ്ത നിയോഗിച്ച മുഫദിശുമാർ റേഞ്ച് തലത്തിൽ മോണിറ്ററിംഗ് നടത്തി വിദ്യാഭ്യാസ ബോർഡിന് റിപ്പോർട്ട് നൽകും. 22 പേരടങ്ങുന്ന ടീമാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ആറ് ക്യാമറ യൂണിറ്റുകൾ മുഴുവൻസമയവും പ്രവർത്തിക്കും.

മദ്രസ തുറക്കുന്നത്‌ വരെയാണ് ഓൺലൈൻ ക്ലാസുകൾ. സമസ്ത ഓൺലൈൻ ചാനലിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഓൺലൈൻ ക്ലാസ് ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളും കുട്ടികളുടെ അഡ്മിഷൻ ഉദ്ഘാടനം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ല്യാരും കഴിഞ്ഞ ദിവസങ്ങളിൽ നിർവഹിച്ചിരുന്നു. ഈ വർഷം പ്ലസ്‌ വൺ, പ്ലസ് ടു ക്ലാസുകളിൽ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളാണുള്ളത്. പാരായണ നിയമങ്ങളുടെ സൂചകങ്ങൾ രേഖപ്പെടുത്തി പ്രത്യേകം തയാറാക്കിയ 2,15, 30 ജുസ്അ് മുസ്ഹഫുകളും വിദ്യാർത്ഥികൾക്ക് യു.ഐ.ഡി സംവിധാനവും ഈ വർഷത്തെ പ്രത്യേകതയാണ്.