 ഇതര സംസ്ഥാന യാത്രയ്ക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് കരുതണം

കോഴിക്കോട്: ട്രെയിനിൽ യാത്ര ചെയ്യുന്ന എല്ലാവരും നിർബന്ധമായി യാത്രയുടെ അര മണിക്കൂർ മുമ്പെങ്കിലും റെയിൽവേ സ്‌റ്റേഷനിൽ എത്തണമെന്ന് ജില്ലാ കളക്ടർ സാംബശിവറാവു അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റ് കരുതുകയും വേണം.

ഇന്നു മുതൽ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തുന്ന സാഹചര്യത്തിലാണ് ഈ നിർദ്ദേശം. മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നതും വൈകി സ്റ്റേഷനിലെത്തുന്നതും കൊവിഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ ബാധിക്കുമെന്നിരിക്കെ വിട്ടുവീഴ്ചയുണ്ടാവില്ല.

അന്തർസംസ്ഥാന യാത്രകൾക്കായുള്ള സർക്കാർ മാർഗനിർദ്ദേശ പ്രകാരം ബസ്, ട്രെയിൻ, വിമാനം എന്നിവ വഴി കേരളത്തിനു പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് കൊവിഡ് ലക്ഷണങ്ങളില്ലെന്നു കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് അനിവാര്യമാണ്. ഏറ്റവും അടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്നു മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കും. സർട്ടിഫിക്കറ്റിൽ കൊവിഡ് ലക്ഷണങ്ങളില്ലെന്നും രോഗികളുമായി സമ്പർക്കമുണ്ടായിട്ടില്ലെന്നും സാക്ഷ്യപ്പെടുത്തിയെങ്കിൽ മാത്രമെ യാത്ര ചെയ്യാനാവൂ. സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്നവർ ഇക്കാര്യങ്ങൾ കാണിക്കുന്ന സത്യവാങ്മൂലം സമർപ്പിച്ചിരിക്കണം.

മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ആർക്കും അത് നിഷേധിക്കാതിരിക്കാൻ മെഡിക്കൽ ഓഫീസർമാർ ശ്രദ്ധിക്കണം. ഇതിനാവശ്യമായ നിർദ്ദേശം ജില്ലാ മെഡിക്കൽ ഓഫീസർ നൽകും.