photo

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ കൊവിഡ് മരണം പത്തായി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാവൂർ കൽപ്പള്ളി സ്വദേശി സുലൈഖ (56) ആണ് മരിച്ചത്. മേയ് 20ന് റിയാദിൽ നിന്നെത്തിയ ഹൃദ്രോഗിയായ സുലൈഖയെ രോഗലക്ഷണങ്ങൾ കണ്ടതോടെ അന്നു തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പത്ത് ദിവസം പ്രായമുള്ള
കുഞ്ഞിനും കൊവിഡ്

കൊല്ലം: നേരത്തെ കൊവിഡ് സ്ഥിരീകരിച്ച കല്ലുവാതുക്കൽ സ്വദേശിയായ യുവതിയുടെ പത്ത് ദിവസം പ്രായമുള്ള പെൺകുഞ്ഞിനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മേയ് 23നാണ് യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വിക്ടോറിയ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്ത ശേഷം നടത്തിയ പരിശോധനയിലാണ് യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടുപിന്നാലെ നടത്തിയ പരിശോധനയിൽ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചെങ്കിലും വിശദ പരിശോധന നടത്തുകയായിരുന്നു. ഇന്നലെ ഫലം വന്നപ്പോൾ വീണ്ടും പോസിറ്റീവ് ആകുകയായിരുന്നു. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ പെൺകുട്ടി.

എയിംസിലെ മലയാളി
നഴ്സിന് കൊവിഡ്

ന്യൂഡൽഹി: ഡൽഹി എയിംസിലെ കോഴിക്കോട് സ്വദേശിയായ പുരുഷ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മുതൽ കൊവിഡ് വാർഡിൽ ജോലിയ്ക്കു പ്രവേശിക്കാനിരുന്ന ഇദ്ദേഹത്തിന് പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കടുത്ത രോഗലക്ഷണങ്ങളില്ലാത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിലാണ്.

ചികിത്സയിലായിരുന്ന മാവൂർ സ്വദേശി

കോഴിക്കോട് : സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാവൂർ കൽപ്പള്ളി സ്വദേശി സുലൈഖ (55) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി.

സുലൈഖ ഹൃദ്രോഗിയായിരുന്നു. ഇന്നലെ രാത്രി 7.20ന് ഹൃദയഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

കൽപ്പള്ളി വീട്ടിൽ മൊയ്തിന്റെ ഭാര്യയാണ്. മക്കൾ: റനീഷ്, അബ്ദുൽ റൗഫ്, അബ്ദുൽ റഷീദ്, റജീന.

മേയ് 21ന് റിയാദിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ സുലൈഖ പിന്നീട് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതോടെ 25ന് കോഴിക്കോട് മെ‌ഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 27നാണ് കൊവിഡ് സ്ഥീരീകരിച്ചത്. ഹൃദ്രോഗം മൂർച്ഛിച്ചതോടെ 28ന് ഐ.സി.യുവിലേക്ക് മാറ്റിയതായിരുന്നു.

10ഹോട്ട് സ്‌പോട്ടുകൾ കൂടി

തിരുവനന്തപുരം: കൊവിഡ് രോഗികളുള്ള പത്തു കേന്ദ്രങ്ങൾ കൂടി ഇന്നലെ ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി.

കാസർകോട് - ബദിയടുക്ക, പിലിക്കോട്, പാലക്കാട് - പല്ലശ്ശന, പുതുനഗരം, കണ്ണൂർ- തലശേരി മുൻസിപ്പാലിറ്റി, കൊല്ലം - പന്മന, പുനലൂർ മുൻസിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട് സ്‌പോട്ടുകളിൽ കണ്ടൈൻമെന്റ് സോണുകളില്ല. ആകെ 116 ഹോട്ട് സ്‌പോട്ടുകൾ.