കോട്ടയം: വെക്കേഷൻ കാലത്ത് വലിയൊരു ചാകര പ്രതീക്ഷിച്ചവരാണ് ടാക്സിക്കാർ. പക്ഷേ ലോക്ക് ഡൗണായതോടെ വണ്ടി മുറ്റത്തിട്ടിരിക്കുകയാണ്. കുമരകം അടക്കമുള്ള ടൂറിസ്റ്റ് മേഖലകളിൽ സഞ്ചാരികളെക്കൊണ്ട് നിറയുമെന്നും അതിന്റെ പ്രയോജനം ലഭിക്കുമെന്നും കരുതിയിരുന്നെങ്കിലും അടുപ്പു പുകയ്ക്കാൻ വഴിയില്ലാതെ നട്ടംതിരിയുകയാണിവർ.

പെർമിറ്റ്, റോഡ് നികുതി, ഇൻഷുറൻസ്, ക്ഷേമനിധി എന്നിവ അടക്കം വർഷം നാൽപ്പതിനായിരത്തിലേറെ രൂപ മുൻകൂട്ടി അടച്ചാണ് ടാക്സികൾ ഓടുന്നത്. വണ്ടി ഓടിയില്ലെങ്കിൽ പോലും നികുതി ഇനത്തിൽ ഒരു ദിവസം കുറഞ്ഞത് 150 രൂപയെങ്കിലും ഇവർ സർക്കാരിന് നൽകുന്നുണ്ട്. കൊവിഡ് കാരണം ഫെബ്രുവരി മുതൽ വിനോദ യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നതിനാൽ ടൂറുകളൊന്നും നടന്നില്ല. അറുപത് ശതമാനവും സ്വന്തം വാഹനം ഓടിക്കുന്നവരാണ്. സർക്കാരിലേക്ക് അടക്കേണ്ട നികുതികളും ഇന്ധനചെലവും ലോൺ തിരിച്ചടവും അറ്റകുറ്റപ്പണികളുടെ ചെലവുമെല്ലാം കഴിച്ചാൽ ചെറിയൊരു തുക മാത്രമാണ് മിച്ചം വരിക.

മോറട്ടോറിയം ആശ്വാസം

വാഹനങ്ങളുടെ വായ്പയ്ക്ക് ജൂൺ മാസം വരെ മോറട്ടോറിയം പ്രഖ്യാപിച്ചത് ആശ്വാസമാണെങ്കിലും പലിശ സഹിതം തിരിച്ചടക്കേണ്ടി വരുമെന്ന പേടി ഇവർക്കുണ്ട്. ഇതിൽ വ്യക്തത വന്നിട്ടില്ല. ടൂറിസ്റ്റ് ടാക്സികളേക്കാൾ വലിയ ദുരിതമാണ് ഗ്രാമങ്ങളിൽ ഓട്ടോ, ജീപ്പ് ടാക്സികൾ ഓടിച്ച് ജീവിക്കുന്നവരുടേത്.

ആവശ്യങ്ങൾ


 ലോക്ഡൗൺ സമയത്തെ ഇൻഷുറൻസ് കാലാവധി നീട്ടണം
 ടാക്സും പെർമിറ്റ് തുകയും പൂർണമായും ഒഴിവാക്കണം
 മൊറട്ടോറിയം കാലയളവിൽ വായ്പകൾക്ക് പലിശ ഒഴിവാക്കണം
 ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ജി.പി.എസ് നിർബന്ധമാക്കുന്നത് നീട്ടണം
 തൊഴിലാളികൾക്ക് 10,​000 രൂപ വീതം സഹായമായി നൽകണം

ജില്ലയിൽ 30,​000 ടാക്സികൾ

"വിനോദ സഞ്ചാരികൾ, വിമാനത്താവള ഓട്ടങ്ങൾ, വിവാഹം തുടങ്ങിയവയായിരുന്നു പ്രധാന വരുമാനം. ഇതൊന്നും അടുത്ത കാലത്ത് സജീവമാകാൻ സാദ്ധ്യതയില്ല. വണ്ടി ഓടാതെ കിടന്ന് ബാറ്ററിയൊക്കെ പോയിട്ടുണ്ട്. '

- ദിലീപ് കുമാർ,​ ടാക്സി ഡ്രൈവർ കുമരകം